തിരുവനന്തപുരം: ആലുവയിൽ നിന്നെത്തിച്ച വൃക്ക ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവമാർക്കെതിരെ പരാതിയുമായി മെഡിക്കൽ കോളേജ്. വൃക്ക സ്വീകരിച്ച് തിയറ്ററിലേക്ക് പോകുന്ന ഡ്രൈവർമാർക്ക് ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാൻ പോയ സ്വകാര്യ ആംബുലൻസുമായോ ബന്ധമില്ല എന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതർ നിയമനടപടി തുടങ്ങിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അധികൃതർ ആരോപിക്കുന്നു.
ആശുപത്രിയിൽ എത്തിച്ച വൃക്കയുമായി ഇവർ നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന പിജി ഡോക്ടർമാർ പിന്നാലെപോയെങ്കിലും വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി നൽകാൻ ഇവർ തയാറായില്ലെന്നും വിഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാൻ ശ്രമിച്ചെന്നും മെഡിക്കൽ കോളേജ് അധികൃതർ ആരോപിക്കുന്നു. വൃക്കയുമായി ഇവർ വഴിയറിയാതെ നിൽക്കുന്നതും തിയറ്റർ മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലൻസ് എത്തുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാൻ പൊലീസ് സുരക്ഷയില്ലായിരുന്നു.
