തമിഴ് സിനിമാ രംഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. കോളിവുഡിലെ സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ തലപ്പത്തുള്ള വിശാൽ അഭിനയത്തിന് പുറമെ നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. നിർമാതാവ് ജി കെ റെഡ്ഡിയുടെ മകനായ വിശാലിന് തുടക്ക കാലത്ത് തന്നെ നല്ല അവസരങ്ങൾ ലഭിച്ചു. സഹസംവിധായകനായി കരിയർ തുടങ്ങിയ വിശാലിന് ആദ്യ നായക വേഷം ലഭിക്കുന്നത് 2004 ൽ പുറത്തിറങ്ങിയ “ചെല്ലമേ” എന്ന സിനിമയിലാണ്.
സണ്ടക്കോഴി, മലൈക്കോട്ടെ, താമരഭരണി, തിമിര് തുടങ്ങിയ ഹിറ്റ് സിനിമകളിൽ വിശാൽ നായകനായെത്തി. കരിയറിനാെപ്പം വിശാലിന്റെ വ്യക്തി ജീവിതവും വാർത്താ പ്രാധാന്യം നേടാറുണ്ട്. 46കാരനായ നടൻ ഇപ്പോഴും അവിവാഹിതനാണ്. തെലുങ്ക് നടി അനിഷ റെഡ്ഡിയെയാണ് വിശാൽ വിവാഹം ചെയ്യാനിരുന്നത്. എന്നാൽ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ രണ്ട് പേരും ബന്ധം വേണ്ടെന്ന് വെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും നീക്കി.
പിന്നീടൊരു വിവാഹത്തിന് നടൻ തയ്യാറായിട്ടില്ല. അനിഷ റെഡ്ഡിയുമായി അകന്നതിന് കാരണം എന്തെന്നും നടൻ തുറന്ന് പറഞ്ഞില്ല. വിശാലിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങിയതിന് കാരണമായി വിവാദ മാധ്യമപ്രവർത്തകനും നടനുമായ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലായിരുന്നെന്നും ഇവർക്കിടയിലേക്ക് നടി ലക്ഷ്മി മേനോൻ കടന്ന് വന്നതോടെ പ്രശ്നങ്ങൾ ആയെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.
ലക്ഷ്മി മേനോൻ വീട്ടിലെ നിലവിളക്ക് പോലെ അറിയപ്പെട്ട നടിയാണ്. പെട്ടെന്ന് ഒരു സിനിമയിൽ വിശാലിനൊപ്പം ചുംബന രംഗങ്ങളിൽ വരെ അഭിനയിച്ചു. ഇതോടെ രണ്ട് പേർക്കും ഇടയിൽ കെമിസ്ട്രി വർക്ക് ഔട്ടായി. ലക്ഷ്മി മേനോനെ വിവാഹം ചെയ്യാൻ വിശാൽ തയ്യാറായി. ഇതറിഞ്ഞ വരലക്ഷ്മി ബന്ധം ഉപേക്ഷിച്ചു. പിന്നീട് രണ്ട് വർഷങ്ങൾക്കിപ്പുറം തെലുങ്ക് നടി അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുഎന്നാൽ ലക്ഷ്മി മേനോനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അനിഷ അറിഞ്ഞു. ഇതോടെയാണ് വിവാഹം വേണ്ടെന്ന് അനിഷ തീരുമാനിച്ചതെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. മുമ്പൊരിക്കൽ ബയിൽവൻ രംഗനാഥൻ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. തുടരെ വിവാദ പ്രസ്താവനകൾ നടത്തുന്ന ബയിൽവൻ രംഗനാഥനെതിരെ തമിഴകത്തെ നിരവധി താരങ്ങൾ നേരത്തെ രംഗത്ത് വന്നിട്ടുണ്ട്.
ലക്ഷ്മി മേനോനുമായി വിശാൽ വിവാഹിതനാകാൻ പോകുന്നെന്ന് കഴിഞ്ഞ ദിവസം ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടൻ ഈ വാർത്ത നിഷേധിച്ചു. പാെതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത ആളാണെങ്കിലും ഒരു പെൺകുട്ടി കൂടി ഉൾപ്പെട്ട വിഷയമായതിനാലാണ് പ്രതികരിക്കുന്നതെന്നും വിവാഹ വാർത്ത വ്യാജമാണെന്നും വ്യക്തമാക്കി. പാണ്ഡ്യനാട്, നാൻ സിഗപ്പ് മനിതൻ എന്നീ സിനിമകളിൽ ലക്ഷ്മി മേനോനും വിശാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് നിന്നും ഏറെ നാളായി മാറി നിൽക്കുന്ന ലക്ഷ്മി മേനോൻ ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ തിരിച്ച് വരാനൊരുങ്ങുകയാണ്. കങ്കണ റണൗത്ത് നായികയായെത്തുന്ന സിനിമയിൽ ലക്ഷ്മി മേനോനും ശ്രദ്ധേയ വേഷമാണെന്നാണ് വിവരം. കുംകി, സുന്ദരപാണ്ഡ്യൻ എന്നീ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ ലക്ഷ്മി മേനോൻ പിന്നീട് സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുകയായിരുന്നു. മറുവശത്ത് മാർക്ക് ആന്റണിയാണ് വിശാലിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടൻ. സെപ്റ്റംബർ 15 ന് ചിത്രം റിലീസ് ചെയ്യും.
