അഹമ്മദാബാദ്: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദഭാരതി സ്വദേശി ലതേഷ് ഗാവിത്തിനാണ് സമ്മാനമായി ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ നവവരന്റെ ഒരു കൈ അറ്റുപോയി. ലതേഷിന്റെ സഹോദരപുത്രനായ മൂന്നുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ 12-ാം തീയതിയായിരുന്നു ലതേഷും ഗംഗാപുര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. കഴിഞ്ഞദിവസം നവവരനും വധുവും ബന്ധുക്കളും ചേര്‍ന്ന് വിവാഹദിവസം ലഭിച്ച സമ്മാനപ്പൊതികള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് സമ്മാനമായി ലഭിച്ച ഒരു കളിപ്പാട്ടം പൊട്ടിത്തെറിച്ചത്. കളിപ്പാട്ടം പ്ലഗില്‍ കുത്തി ചാര്‍ജ് ചെയ്തതോടെ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നവവരന്റെ ഒരു കൈ അറ്റുപോയി. കണ്ണുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് നിലവില്‍ നവസാരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ യുവാവിന്റെ ഭാര്യാപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നവവധുവിന്റെ സഹോദരിയുടെ മുന്‍കാമുകനായ രാജു ധന്‍സുഖ് പട്ടേല്‍ ആണ് കളിപ്പാട്ടം സമ്മാനിച്ചതെന്നാണ് ഇവരുടെ പരാതി. ഇയാളുമായുള്ള ബന്ധം മൂത്തമകള്‍ നേരത്തെ ഉപേക്ഷിച്ചതാണെന്നും വിവാഹദിവസം ഇയാളാണ് സമ്മാനം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
