വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പു പറഞ്ഞു ജോയ്സ് ജോർജ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിന് പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എം.പി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. വൈകാതെയാണ് ജോയ്‌സ് ജോർജിന്റെ ഖേദപ്രകടനം.

ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിൽ വെച്ചായിരുന്നു ജോയിസ് ജോർജിന്റെ വിവാദ പ്രസംഗം. രാഹുൽ ഗാന്ധിയുടെ മുന്നിൽ പെൺകുട്ടികൾ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം. മന്ത്രി എംഎം മണി അടക്കമുള്ളവർ വേദിയിലുള്ളപ്പോഴാണ് ഈ പരിഹാസം .

സംഭവം വിവാദമായതോടെ ജോയ്‌സ് ജോർജിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ജോയ്‌സ് ജോർജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരിക്കുന്നത്. ജോയ്‌സ് ജോർജിനെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എൽഡിഎഫിനില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *