ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ് കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലുമാകുന്നതിന് മുൻപേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുകയാണ് സർവകലാശാല. മിക്ക കോളേജുകളിലും രണ്ടാഴ്ച മുമ്പാണ് ആറാം സെമസ്റ്ററിന്റെ ക്ളാസുകൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇലക്ഷൻ ഡ്യൂട്ടിയോടനുബന്ധിച്ച് പരിശീലനത്തിന് പോയതിനാലാണ് പല അധ്യാപകർക്കും കൃത്യമായി ക്ലാസെടുക്കാൻ കഴിയാഞ്ഞതെന്ന ആക്ഷേപവുമുണ്ട്.
അവസാന സെമസ്റ്റർ ആയതിനാൽ കൃത്യമായ തയ്യാറെടുപ്പില്ലാതെ പരീക്ഷ എഴുതിയാൽ മാർക്ക് കുറയാനും ഉപരിപഠനത്തെ ദോഷകരമായി ബാധിക്കാനും സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഏപ്രിൽ 15 നാണ് കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്.
