തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ രംഗത്തേക്കു വഴിമാറിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ കുട്ടികളില്‍ ഒരു വിഭാഗക്കാര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇത്തരമൊരു ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാരിനൊപ്പം മറ്റു സ്രോതസുകളെ കൂടി പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ ഒന്നാം തരംഗത്തെ അതിജീവിച്ചപ്പോള്‍ രണ്ടാം തരംഗത്തെ നേരിടേണ്ടി വന്നു. അതിഭീകരമായ ആ പോരാട്ടത്തിനൊടുവില്‍ നമ്മെ അലട്ടുന്നത് ഇതിന്റെ മൂന്നാം തരംഗമാണ്. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പാക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്. അതിനു വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
