കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കൽ നയം രാജ്യത്ത് നടപ്പാക്കുന്നതിന്‌റെ ഭാഗമായി എല്ലാ ജില്ലകളിലും പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുമായിരിക്കും പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആദ്യ അംഗീകൃത പൊളിക്കൽ കേന്ദ്രം നോയിഡയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. മാരുതിയും ടൊയോട്ടയും ചേർന്നാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഹരിയാനയിൽ ആരംഭിച്ച പുതിയ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കയ്‌ഹോ സാങ്യോ എന്ന കമ്പനിയുമായി ചേർന്ന് അഭിഷേക് ഗ്രൂപ്പാണ് ഹരിയാനയിലെ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
പ്രതിമാസം 1800 വാഹനങ്ങൾ വരെ പൊളിക്കാൻ ശേഷിയുള്ള കേന്ദ്രമാണ് അഭിഷേക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ തുറന്നിരിക്കുന്നത്. ഇതിനുപുറമെ, പൊളിക്കുന്ന വാഹനങ്ങളിലെ പാർട്‌സുകൾ സൂക്ഷിക്കുന്നതിനും വീണ്ടും ഉപയോഗിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരുന്ന ഏതാനും വർഷങ്ങൾക്കുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് മുതൽ എട്ട് വരെ പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കാനും അഭിഷേക് ഗ്രൂപ്പിന് പദ്ധതിയുണ്ട്.
