പാലക്കാട് : വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്ന് വ്യക്തമാക്കി വി കെ ശ്രീകണ്ഠൻ എംപി. ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് എം പി പറഞ്ഞു. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരം. പശ ഉപയോഗിച്ചല്ല ഒട്ടിച്ചത്. ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടു വരട്ടെ എന്നും എംപി പറഞ്ഞു.
പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ വി.കെ ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ടു നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ആര്‍ പി എഫ് ഉടൻ തന്നെ ഇവ നീക്കം ചെയ്തു.
