സഞ്ജയ് ദേവരാജൻ

ലോക സംഭവവികാസങ്ങളിൽ പ്രധാനപ്പെട്ടതായി നമുക്ക് കാണാവുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മുന്നേറ്റമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം ഈ ആഗസ്റ്റ് – ഓടെ പൂർത്തിയാവുന്നതിനാൽ വർദ്ധിതവീര്യത്തോടെ ആണ് താലിബാൻ, അഫ്ഗാൻ സേനക്ക് നേരെ ആഞ്ഞടിക്കുന്നത്. ഇന്ത്യയും ലോകവും ഏറെ ആശങ്കയോടെയാണ് താലിബാൻ മുന്നേറ്റത്തെ കാണുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ഇറാൻ, റഷ്യൻ, ചൈനീസ് ഗവൺമെന്റ്കളുമായി ഈ വിഷയം ചർച്ച നടത്തുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയാൽ ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം കുറഞ്ഞു വരികയാണ്. എന്നാൽ വാക്സിനേഷൻ നടപടികൾ പലസംസ്ഥാനങ്ങളിലും വാക്സിൻ കിട്ടാത്തതിനെ തുടർന്ന് ഇഴഞ്ഞു നീങ്ങുന്നതായി വാർത്തകൾ വരുന്നുണ്ട്. ഈ വാർത്തകളോട് കേന്ദ്ര സർക്കാർ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വേഗത്തിൽ വാക്സിനേഷൻ നടപടികൾ മുന്നോട്ടുപോവുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല എന്ന വാദം ചില മെഡിക്കൽ വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് ഗുജറാത്ത് സന്ദർശനങ്ങളിൽ ആണ്. ഇവിടങ്ങളിൽ അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സജ്ജമാക്കാനുള്ള ശ്രമങ്ങളിലാണ് നരേന്ദ്ര മോഡി. മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഡൽഹിയിൽ നടക്കുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ആണ്. രാഹുൽ ഗാന്ധിയും കോൺഗ്രസും അമ്പേ പരാജയപ്പെട്ടു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും വീണ്ടും ജനമനസ്സുകളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി ചർച്ചകൾ നടത്തിവരികയാണ്. പ്രശാന്ത് കിഷോർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുമോ എന്നുള്ള ചോദ്യം രാഷ്ട്രീയ വൃത്തങ്ങളെ ആകാംക്ഷാഭരിതമാകുന്നു.
തമിഴ്നാടിനെ കേന്ദ്രസർക്കാർ വിഭജിക്കാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ കഴിഞ്ഞവാരം തമിഴ്നാടിൽ പ്രതിഷേധത്തിനു കാരണം ആയിരുന്നു. തമിഴ്നാട് രാഷ്ട്രീയം ഒരുകാലത്തും പിടിച്ചെടുക്കാൻ കഴിയില്ല എന്നുള്ള കാര്യം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു എന്ന് നമുക്ക് വാർത്തകളിൽ നിന്ന് അനുമാനിക്കാം.
കേരളത്തിൽ കോവിഡ് കേസുകൾ കുറയാതിരിക്കുന്നതും, വ്യാപാരികളും പൊതുസമൂഹവും അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ ആകുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായി കടകൾ തുറക്കും എന്നുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം സംഘർഷം സൃഷ്ടിച്ചെങ്കിലും, പിന്നീട് മുഖ്യമന്ത്രിയുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി തീരുമാനത്തിൽ നിന്ന് അവർ പിന്നോക്കം പോയി. കൂടുതൽ ഇളവുകൾ വരുന്ന ആഴ്ചകളിൽ ഉണ്ട് എന്നുള്ള പ്രഖ്യാപനം പൊതുവേ ജനസമൂഹത്തിന് ആശ്വാസകരമായി. കേരളത്തിൽ ഈ വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു 99.47 ശതമാനം പേർ പാസായി. റിക്കാർഡ് വിജയശതമാനം ആണെങ്കിലും കോവിഡ് കാലത്തെ തുടർപഠനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്.
സിപിഎം രാഷ്ട്രീയത്തിൽ ആലപ്പുഴ ജില്ലയിലെ കരുത്തനായ നേതാവ് ജി.സുധാകരനെതിരെ അന്വേഷണത്തിന് സിപിഎം ഒരുങ്ങുന്നു എന്ന വാർത്തകളും കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നു. വിഎസ് അച്യുതാനന്ദൻ ശേഷം ആലപ്പുഴയിൽനിന്ന് ഉള്ള കരുത്തനായ സിപിഎം നേതാവാണ് ജി സുധാകരൻ. ഈ അന്വേഷണ റിപ്പോർട്ട് എന്തായാലും ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കും എന്നുള്ളത് ഉറപ്പ്.
കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ അർജന്റീന ജേതാക്കളായി. മെസ്സി എന്ന ഇതിഹാസ താരത്തിന് ഒരു രാജ്യാന്തര കിരീടം സ്വന്തമാക്കുന്നതിന്റെ ഭാഗമാകാൻ ഇതിലൂടെ കഴിഞ്ഞു. പൊതുവെ എല്ലാ ടൂർണമെന്റ്കൾക്കും മുൻപേ മെസ്സിയെയും അർജന്റീനയും വാഴ്ത്തുകയും, എന്നാൽ തുടർന്ന് അവർ പരാജയപ്പെടുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പതിവ്. എന്നാൽ ആ പതിവ് ഈ തവണ അർജന്റീനയും മെസ്സിയും തിരുത്തി എന്നതിനുള്ളതാണ് കോപ്പ അമേരിക്കയുടെ ടൂർണ്ണമെന്റ്ന്റെ ഇത്തവണത്തെ പ്രത്യേകത.
നൊവാക് ജോക്കോവിച്ച് എന്ന സെർബിയൻ താരം തന്റെ ആറാം വിംബിൾഡൺ സ്വന്തമാക്കി . ലോക ടെന്നീസിലെ എക്കാലത്തെയും ഒന്നാമനായി ജോകോവിച്ചു മാറുമോ എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണാം. കേരള മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും, കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം ലൈറ്റ് മെട്രോ അടക്കം പല പദ്ധതികളിലും കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചതായും ഉള്ള വാർത്തകൾ കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. പ്രഖ്യാപനങ്ങൾക്കും വാർത്തകൾക്കും അപ്പുറം ഇവ യാഥാർത്ഥ്യം ആകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
സഞ്ജയ് ദേവരാജൻ

 
                                            