പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകളുടെ വീട്ടിൽ സി ബി ഐ യുടെ വ്യാപക റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസെടുത്തത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
139.35 കോടി രൂപയുടെ ദൊറാൻഡ ട്രഷറി അഴിമതിക്കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് ജയിൽ മോചിതനായത്. കേസിൽ സി ബി ഐ പ്രത്യേക കോടതി ഫെബ്രുവരിയിൽ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
