ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് ഉപയോഗിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐ. പി. സി 124 എ വകുപ്പ് കേന്ദ്രം പുനഃപരിശോധിക്കുന്നതുവരെ ഈ വകുപ്പും രാജ്യദ്രോഹം ചുമത്തിയ കേസുകളിലെ നടപടികളും മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട് .രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.അതേസമയം, രാജ്യദ്രോഹം ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകൾക്കും വൻ കള്ളനോട്ടടിക്കാർക്കും എതിരെയാണ്. നിരവധി കേസുകളിൽ പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.