കൊച്ചി: ഓണ്‍ലൈന്‍വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓണ്‍ലൈന്‍വഴി വധൂവരന്മാര്‍ ഹാജരാകുന്ന വിവാഹത്തിന് അനുമതി നല്‍കുന്നത്. ഇതോടെ ഹര്‍ജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുമ്പോള്‍ വരന്‍ ജീവന്‍കുമാര്‍ യുക്രൈനില്‍ ഓണ്‍ലൈനില്‍ വിവാഹത്തിനായി എത്തും. ഹര്‍ജിക്കാരിക്കായി അഡ്വ. എ. അഹ്സര്‍ ഹാജരായി. ഹര്‍ജിക്കാരുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നല്‍കിയത്
ഇതിനായുള്ള പ്രത്യേക നിബന്ധനകള്‍: സാക്ഷികളാകുന്നവര്‍ മാര്യേജ് ഓഫീസറായ സബ് രജിസ്ട്രാറിനുമുന്നില്‍ ഹാജരാകണം, ഓണ്‍ലൈനില്‍ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികളാണ് തിരിച്ചറിയേണ്ടത്.വിവാഹിതരാകുന്നവരുടെ പാസ്‌പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പോ മാര്യേജ് ഓഫീസര്‍ക്ക് നല്‍കണം. വിവാഹിതരാകുന്നവര്‍ ചുമതലപ്പെടുത്തുന്നവരാണ് രേഖകളില്‍ ഒപ്പിടേണ്ടത്.വിവാഹത്തിനുമുന്നോടിയായുള്ള മറ്റ് നിയമപരമായനടപടികള്‍ പൂര്‍ത്തിയാക്കണം. തീയതിയും സമയവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസര്‍ക്ക് നിശ്ചയിക്കാം. ഓണ്‍ലൈനില്‍ വിവാഹം നടത്തി നിയമപ്രകാരം സര്‍ട്ടിഫിക്കറ്റും നല്‍കണം
വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍വഴി വിവാഹം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാന്‍ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.അന്തിമതീരുമാനം പിന്നീട്
