രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി.

തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലി. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ എന്ന ചിത്രം ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ നേർക്കാഴ്ചയായിരുന്നു . രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ എസ് എസ് രാജമൗലിയാണ് എന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യം. എന്നാൽ ആ രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ ആര്‍ ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ഇപ്പോഴിതാ ആര്‍ആര്‍ആര്‍, രാജമൗലി ആരാധകരെ ആവേശ ഭരിതരാക്കുന്ന മറ്റൊരു വാര്‍ത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ളതാണ് ഈ വാർത്തകൾ. സംവിധായകന്‍ എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിലൂടെ ഹിറ്റ് ആയതിനു പിന്നാലെ യുഎസില്‍ വലിയ ജനപ്രീതിയാണ് ചിത്രം ആർ ആർ ആർ നേടിയത്. പല നഗരങ്ങളിലും ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനങ്ങളും രാജമൗലിയുമായുള്ള സംവാദങ്ങളുമൊക്കെ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷിക്കാഗോയില്‍ നടന്ന സ്പെഷല്‍ ഷോയ്ക്കു പിന്നാലെ നടന്ന സംവാദത്തിലാണ് രാജമൗലി ആര്‍ആര്‍ആര്‍ നെക്സ്റ്റ് സീക്വലിനെക്കുറിച്ച് ആദ്യമായി പറഞ്ഞത്. രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആര്‍ രണ്ടാം ഭാഗത്തിന്റെയും എഴുത്തെന്ന് രാജമൗലി അറിയിച്ചു.ആര്‍ആര്‍ആര്‍ 2 നെക്കുറിച്ച് ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അതിന്‍റെ കഥയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്, എന്നായിരുന്നു രാജമൗലിയുടെ വാക്കുകള്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നുമാണ് ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്. ഇത്രയും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്‍റെ സീക്വല്‍ അണിയറയില്‍ ഒരുക്കം തുടങ്ങിയതായ വാര്‍ത്ത ആവേശത്തോടെയാണ് ചലച്ചിത്രലോകം സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *