രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ പുറത്തെടുത്ത് താലിബാൻ. മുല്ല മുഹമ്മദ് ഒമറിന്റെ പഴയകാല വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന് മണ്ണിനടിയില്‍ നിന്ന് ഇപ്പോൾ പുറം ലോകത്ത് എത്തിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന് ഹഖാനിയുടെ സഹോദരനായ അനസ് ഹഖാനിയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.
ധീരമായ ചരിത്രത്തിന്റെ ഭാഗമായിരുന്ന ഒരാള്‍ ഈ കാറില്‍ സഞ്ചരിച്ചിരുന്നു എന്ന അടികുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 2001 -ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന് താലിബാനുമായി യുദ്ധം തുടങ്ങിയ കാലത്താണ് ഇത് മണ്ണില്‍ കുഴിച്ചിട്ടത്. യുഎസ് സൈന്യം വാഹനം നശിപ്പിക്കാതിരിക്കാന്‍ മുല്ല ഉമര്‍ തന്നെയാണ് വാഹനം കുഴിച്ചിട്ടത്. ഇരുപത്തൊന്ന് വര്‍ഷക്കാലം അത് മണ്ണിനടിയിലുണ്ടായിരുന്നത്.
അമേരിക്കയിലെ വിഖ്യാതമായ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ അല്‍ഖാഇദ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു 2001-ല്‍ യു എസ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്. യു എസ് സൈന്യം എത്തിയതിനു പിന്നാലെ മുല്ല ഉമര്‍ തന്റെ ടൊയോട്ട കാറില്‍ കാണ്ഡഹാറില്‍ നിന്ന് സാബൂളിലേക്ക് പലായനം ചെയ്തു. ചുമതലകള്‍ സഹായികളെ ഏല്‍പ്പിച്ചാണ് മുല്ല ഉമര്‍ സ്ഥലംവിട്ടത്. എന്നാല്‍, അതിനുശേഷവും താലിബാന് അവരുടെ ആത്മീയ നേതാവായി മുല്ല ഉമറിനെ തന്നെയാണ് കണക്കാക്കിയത്.
