യു.എസ്.റ്റിയില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍

തിരുവനന്തപുരം: പാട്ടും നൃത്തവും ഇന്ദ്രജാലവുമൊക്കെ അനായാസം അവതരിപ്പിച്ച് ടെക്കികളുടെ മനസ്സില്‍ ഇടംനേടി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. അന്താരാഷ്ട്ര സന്തോഷദിന വാരാഘോഷത്തോടനുബന്ധിച്ച് യു.എസ്.റ്റിയിലെ ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കളേഴ്സ് ഓഫ് യു.എസ്.റ്റിയുടെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ക്ഷണിക്കപ്പെട്ടത്.

ഓട്ടിസം, സെറിബ്രല്‍ പാഴ്സി, എം.ആര്‍, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ച-കേള്‍വി പരിമിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ജീവനക്കാരെ അമ്പരപ്പിച്ചു. രണ്ട് മിനിട്ടുകള്‍ കൊണ്ട് 5 കുട്ടികള്‍ ചേര്‍ന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവര്‍ത്തിവച്ചപ്പോള്‍ യു.എസ്.റ്റി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ ഏവരെയും അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേള്‍വി പരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച ഇന്ദ്രജാലവുമൊക്കെ കരഘോഷത്തോടെയാണ് ജീവനക്കാര്‍ ഹൃദയത്തിലേറ്റിയത്.

ഇതിനോടനുബന്ധിച്ച് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനാത്മക ഇന്ദ്രജാലവും അരങ്ങേറി. രാവിലെ 10 മണിയോടെ എത്തിയ കുട്ടികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് യു.എസ്.റ്റി ഒരുക്കിയത്. യു.എസ്.റ്റി ക്യാമ്പസ് കുട്ടികളെ കാണിക്കാനും അവര്‍ മറന്നില്ല. ഉച്ചക്ഷണവും നല്‍കിയാണ് കുട്ടികളെ തിരിച്ചയച്ചത്. യു.എസ്.റ്റിയുടെ തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്‍പ്പാമേനോന്‍, ചീഫ് വാല്യൂ ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍, വര്‍ക്ക് പ്ലയിസ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *