പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് പുത്തന്‍വീട്ടില്‍ മഹേഷ് [30] ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.
സജീറിന്റെ വയറിന്റെയും നെഞ്ചിന്റെയും ഇടത് വശത്താണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്ന് മാറി പുഴയ്ക്കക്കരെ തെങ്ങിന്‍തോപ്പിലാണ് വിഷം കഴിച്ച് അവശനിലയില്‍ മഹേഷിനെ കണ്ടെത്തിയത് .അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയിരുന്നു.മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

 
                                            