ഉത്തര്‍പ്രദേശ്: യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു.
അതെ സമയം നേരത്തെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി വച്ചു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം കര്‍ഷകര്‍ മഹാപഞ്ചായത്തിനായെത്തിയെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുകളെ കര്‍ഷക പ്രതിഷേധം ബാധിക്കില്ലെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ‘യുപി മിഷന്‍’ പരിപാടിയുടെ ഭാഗമായിട്ടാണ് മുസഫര്‍നഗറില്‍ കര്‍ഷകര്‍ ശക്തിപ്രകടനം നടത്തിയത്. മുസഫര്‍നഗറിലെ ജിഐസി മൈതാനത്താണ് മഹാപഞ്ചായത്ത് നടന്നത്.
