കേരളത്തില്‍ ദിനംപ്രതി പലവിധ തട്ടിപ്പുകളില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. പുരാവസ്തുക്കള്‍ എന്ന വ്യാജേന വില്പന നടത്തിയ ഉത്പന്നങ്ങളും അതിന്റെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും കുറച്ചു ദിവസങ്ങളായി പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്സണ് (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് പുതിയൊരു തട്ടിപ്പ് കേസ് പുറം ലോകം അറിയുന്നത്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്.
തട്ടിപ്പുകേന്ദ്രമായി മോണ്സണ് ഉപയോഗിച്ചിരുന്നത്
അന്‍പതിനായിരം രൂപ മാസവാടകയുള്ള കലൂരിലെ വീടായിരുന്നു.അമൂല്യ പുരാവസ്തുക്കള്‍ എന്ന് അവകാശപ്പെടുന്ന വസ്തുക്കള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്ത്തയില് യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വര്‍ണം കൊണ്ടു നിര്‍മിച്ച പേജിലെഴുതിയ ബൈബിള്‍, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂര്‍വ പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്സണ് അവകാശപ്പെട്ടിരുന്നത്.
സാധാരണ ഗതിയില്‍ ഏതെങ്കിലും മ്യൂസിയത്തില്‍ ചെന്നാല്‍ അവിടത്തെ പ്രദര്‍ശന വസ്തുക്കളില്‍ ഒന്നും ആരെയും തൊടാന്‍ അനുവദിക്കാറില്ല. വരുന്ന അതിഥികളെ പലരെയും, ‘നിങ്ങള്‍ വളരെ വേണ്ടപ്പെട്ടവര്‍ ആയതുകൊണ്ട് മാത്രം അനുവദിക്കുന്നു’ എന്ന മട്ടില്‍ അതിന് സമ്മതിക്കുമ്പോള്‍ അവര്‍ മോന്സണ് അടുത്തതായി പറയാന്‍ പോവുന്ന തട്ടിപ്പുകളില്‍ വിശ്വസിക്കാനുള്ള മാനസിക നിലയിലേക്ക് അറിയാതെ വന്നെത്തുന്നു.
ഒരു വിമാനയാത്രയില്‍ മൈസൂര്‍ രാജാവിനെ പരിചയപെടുകയും മൈസൂര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയും ആ യാത്രകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ പുരാവസ്തു പ്രേമിയായി താന്‍ മാറിയെന്നും മോന്സണ് പറയുന്നു. അതാണ് ഒരു ഡോക്ടറായ താന്‍ സ്വന്തം ഫീല്‍ഡില്‍ നിന്നും വ്യത്യസ്തമായി പുരാവസ്തു ശേഖരം എന്ന ആശയത്തിലെത്തിയതെന്നും പരിചയപ്പെടന്നവരെ മോണ്സണ് വിശ്വസിപ്പിച്ചിരുന്നു.
മോന്സണ് മാവുങ്കലിനെതിരെ 2020 ല്‍ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സണിനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഫോഴ്സെമെന്റ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.
തട്ടിപ്പുകള്‍ക്ക് മറയാക്കി കൊണ്ടുനടന്നത് ഉന്നത ബന്ധങ്ങളും, സമൂഹത്തിലെ അറിയപ്പെടുന്നവരോട് തനിക്കുള്ള സൗഹൃദങ്ങളേയും ഉപയോഗിച്ചു. മൈസൂര്‍ രാജാവിന്റെ വിമാന സന്ദര്‍ശനം പോലെ ആളുകളെ പറഞ്ഞ് വിശ്വാസിപ്പിച്ചിരുന്നു. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ മോണ്‍സന്റെ വീട്ടിലെ പുരാവസ്തുശേഖരണം സന്ദര്‍ശിക്കുകയും ആ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരിക്കുന്നു.
എഡിജിപി മനോജ് എബ്രഹാം മോണ്‍സന്റെ വീട്ടില്‍ വാള് പിടിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മോണ്‍സന്റെ വീട്ടിലെ സിംഹാസനത്തിലിരിക്കുന്നതും പുറത്തുവന്ന ചിത്രങ്ങളില്‍പെടുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, സിനിമാതാരങ്ങളായ മോഹന്‍ലാല്‍,ടോവിനോ തോമസ്, ബാല, പേളി മാണി, മല്ലികാ സുകുമാരന്‍ എന്നിവരോടൊപ്പം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി നില്ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡീയ ഏറ്റെടുത്തു കഴിഞ്ഞു.
മോണ്സണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസ്മെറ്റിക് ആശുപത്രി നടത്തിയിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ദുരൂഹത തോന്നിയിരുന്നു. മോന്‍സണിനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ രഹസ്വാന്വേഷണ റിപ്പോര്‍ട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോന്സണ് ഇതറിയാതെ തന്റെ തട്ടിപ്പുകള്‍ തുടരുകയായിരുന്നു.
