2022 ലെ “കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉൽപാദനവും, വിൽപ്പനയും നിയന്ത്രിക്കൽ ബിൽ” നിയമമാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ 21 അംഗ സംഘം പഞ്ചാബ് സന്ദ൪ശിയ്ക്കുന്നു. പഞ്ചാബിൽ പാസാക്കിയ കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉൽപാദനവും, വിൽപ്പനയും നിയന്ത്രിക്കൽ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്യുകയാണ് യാത്രാ ലക്ഷ്യം. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രീ ലളിത് സിങ്ങ് ഭുല്ലാറുമായ നടത്തിയ ച൪ച്ചകൾ വിജയകരമായിരുന്നതായി ശ്രീമതി ജെ ചിഞ്ചുറാണി അറിയിച്ചു. പാലുൽപാദന ക്ഷമതയിൽ പഞ്ചാബിനു പിറകിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു ക൪ഷകരുടെ ഉപജീവനമാ൪ഗമാണ് ക്ഷീരമേഖല. കേരളത്തിൽ ക്ഷീരക൪ഷക൪ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേൻമയുള്ള കാലിത്തീറ്റയുടെ ലഭ്യത കുറവും ഉയർന്ന വിലയുമാണ്. കന്നുകാലികൾക്ക് നൽകുന്ന പരുഷാഹാരത്തിലുൾപ്പെടുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യത കുറവും കേരളത്തിൽ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു. കേന്ദ്ര സ൪ക്കാരിന്റെ കിസാൻ റെയിൽ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബിൽ നിന്നും വൈക്കോൽക്കട്ടി കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായി മന്ത്രി അറിയിച്ചു. കാലിവ൪ഗ – കോഴിവ൪ഗ തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നി൪മ്മാണത്തിൽ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തിൽ ആളോഹരി പാൽ, മുട്ട ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന പഞ്ചാബിലെ സന്ദ൪ശനം കേരളത്തിലെ ക്ഷീരമേഖലയ്ക്കു ഉണ൪വു പകരുന്നതിനുള്ള പദ്ധതികളാവഷ്ക്കരിയ്ക്കുന്നതിന് സഹായിച്ചു എന്നും ശ്രീമതി ജെ ചിഞ്ചുറാണി അറിയിച്ചു.
