ട്രംപ് തന്നെ മൂന്നാം തവണയും അധികാരത്തിൽ വരും.. ഇപ്പോൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നത് ട്രംപിന്റെ ഈ അധികാരമോഹത്തെ കുറിച്ചാണ്. മൂന്നാം തവണണയ്ക്കായുള്ള ചില നയങ്ങൾ പാചകപ്പുരയിലുണ്ട് എന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അധികാരത്തോടുള്ള ഡൊണാൾഡ് ട്രംപിന്റെ അടങ്ങാത്ത ഭ്രമം അമേരിക്കക്കാർ പല അവസരങ്ങളിലും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 2021 ൽ ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ക്യാപിറ്റോൾ കലാപം അമേരിക്കയുടെ ജനാധിപത്യ മനസിനേറ്റ മുറിവാണ്.തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രമായ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. വോട്ടെടുപ്പിൽ കൃത്രിമത്വം നടന്നുവെന്നും യഥാർത്ഥത്തിൽ ജയിച്ചത് താനാണെന്നുമായിരുന്നു ട്രംപിന്റെ അന്നത്തെ അവകാശവാദം. ജനവിധി അംഗീകരിക്കാൻ തയാറാകാത്ത നേതാവിനെയാണ് ജനങ്ങൾ കണ്ടത്.
രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപ് തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോഴിതാ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ട്രംപ് തന്റെ അധികാരത്തോടുള്ള അടങ്ങാത്ത ഭ്രമം വെളിപ്പെടുത്തിയത്. യുഎസ് ഭരണഘടന വിലക്കുന്നുണ്ടെങ്കിലും മൂന്നാം തവണയും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പങ്കുവെച്ചത്. ആ സാധ്യതയെക്കുറിച്ച് ഞാൻ തമാശ പറയാനില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ നേരത്തെയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വീണ്ടും അധികാരത്തിലെത്താൻ സാധിക്കുന്ന വഴികളുണ്ടെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാൽ വഴികൾ ഏതെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രസിഡന്റുമാരെ രണ്ട് ടേമുകളായി പരിമിതപ്പെടുത്തുന്നു. ട്രംപ് വീണ്ടും മത്സരിക്കണമെങ്കിൽ ഈ ഭേദഗതി റദ്ദാക്കേണ്ടതുണ്ട്. അതിനാൽ 2028-ൽ വീണ്ടും മത്സരിക്കാൻ നിയമപ്രകാരം ട്രംപ് യോഗ്യനല്ല.
മൂന്നാംവട്ടം പ്രസിഡന്റാകുന്നതിനുള്ള ഭരണഘടനാപരമായ തടസം ലഘൂകരിക്കാനുള്ള വഴികൾ പരിഗണിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രംപ് അഭിമുഖത്തിൽ നൽകിയത്. 2029 ലാണ് ട്രംപിന്റെ കാലാവധി തീരുന്നത്. അമേരിക്കയുടെ മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി. റൂസ്വെൽറ്റ് തുടർച്ചയായി നാല് തവണയാണ് അധികാരത്തിൽ ഇരുന്നത്. അതിനുശേഷമാണ് 1951-ൽ ഭരണഘടനയിൽ വരുത്തിയത്. ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരു വ്യക്തിയെ രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. ഈ നിയമത്തെയും ട്രംപ് അഭിമുഖത്തിൽ ചോദ്യം ചെയ്തു. ഈ നിയമം മാറ്റിയേക്കുമെന്ന സൂചനകളാണ് ട്രംപ് നൽകുന്നത്.
യുഎസ് പ്രസിഡന്റുമാർക്ക് തുടർച്ചയായി രണ്ട് നാല് വർഷം ഭരണത്തിലിരിക്കാൻ മാത്രമാണ് ഭരണഘടന അനുവാദം നൽകുന്നത്. 22ാം ഭേദഗതി അസാധുവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതിന് യുഎസ് ഹൗസിലും സെനറ്റിലും മൂന്നിൽ രണ്ട് ഭൂരിപക്ഷവും തുടർന്ന് 50 സംസ്ഥാനങ്ങളിൽ 38 എണ്ണത്തിന്റെ അംഗീകാരവും ആവശ്യമാണ്.

 
                                            