മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്ക. സീസൺ എത്തി കഴിഞ്ഞാൽ ധാരളമായി ഇവ കേരളത്തിൽ ലഭ്യാമാകാറുമുണ്ട്. എന്നാൽ ഓൺലൈൻ സൈറ്റുകളിൽ ഒന്ന് പരതി നോക്കിയാൽ ചക്കക്കുരുവിന്റെ വില കണ്ട് ഒന്ന് ഞെട്ടും. കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വിലയിൽ കാണാം. ചക്കപ്പൊടിക്കുപോലും ശരാശരി 600–800 രൂപ വിലയുള്ളപ്പോഴാണ് ചക്കക്കുരുവും താരമായി നിൽക്കുന്നത്. പ്രധാനമായും കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള കമ്പനികളാണ് ചക്കക്കുരു സംസ്കരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ചക്കക്കുരു. ബി വിറ്റാമിനുകളായ തയാമിനും റൈബോഫ്ലാവിനും ചക്കക്കുരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അതിവേഗം ദഹിക്കാത്ത സ്റ്റാർച്ചുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള കഴിവ് ചക്കക്കുരുവിനുണ്ട്. അതുകൊണ്ടുതന്നെ ദഹനം സുഗമമാകുകയും ദഹനപ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ദഹനപ്രശ്നങ്ങൾക്ക് ചൈനക്കാർ പരമ്പരാഗതായി ചക്കക്കുരു ഉപയോഗിക്കാറുണ്ടത്രേ.
ചക്കച്ചുളയും (പച്ചയും പഴവും) ഒട്ടേറെ പോഷകഗുണങ്ങളുള്ളവയാണ്. ബി കോംപ്ലെക്സ് വിറ്റാമിനുകൾ എല്ലാം ചേർന്ന അപൂർവം പഴങ്ങളിൽ ഒന്നാണ് ചക്കപ്പഴം. വിറ്റാമിൻ ബി–6 (പിരിഡോക്സിൻ), നിയാസിൻ, റൈബോഫ്ലാവിൻ, ഫോളിക് ആസിഡ് എന്നിവ ചക്കപ്പഴത്തിലുണ്ട്. കൂടാതെ, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവയുമുണ്ട്. വിറ്റാമിൻ എ, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന വിറ്റാമിൻ സി എന്നിവയുടെ മികച്ചൊരു ഉറവിടവുമാണ് ചക്ക. കൂടാതെ ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങളാണ് ഉള്ളത്.
