മരിച്ചാലും അമ്മ കൂടെ തന്നെ വേണം; മൃതദേഹം വീപ്പയിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ച് മകൻ

ചെന്നൈ: സ്വന്തം അമ്മയു‌ടെ മൃതശരീരം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ സൂക്ഷിച്ച് മകൻ. തമിഴ്നാട് നീലാങ്കരയിലാണ് സംഭവം. ഷെൺബഗ(86)ത്തിന്റെ മൃതദേഹമാണ് മകൻ സുരേഷ് വീപ്പയിലാക്കി ഇരുഭാഗവും സിമന്റിട്ട് അടച്ചത്. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളം കൊണ്ടുവരുന്ന വീപ്പയിൽ സൂക്ഷിച്ച നിലയിൽ സുരേഷിന്റെ കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സുരേഷിന്റെ കുടുംബത്തോടൊപ്പമാണ് ഷെൺബഗം താമസിച്ചിരുന്നത്. ഒരാഴ്ചയായി ഷെൺബഗത്തെ കാണാതായതോടെ അയൽവാസികൾ അന്വേഷിച്ചു. അമ്മ ഉറങ്ങുകയാണെന്നാണ് സുരേഷ് ഇവരോട് പറഞ്ഞത്. അതിനിടെ സഹോദരൻ ബാബു അമ്മയെ കാണാനായി എത്തിയെങ്കിലും സുരേഷ് അകത്തേയ്ക്ക് കയറ്റിവിട്ടില്ല. തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ അമ്മ മരിച്ചെന്നും മൃതദേഹം വീപ്പയിൽ അടക്കം ചെയ്തതായും സുരേഷ് ബാബുവിനോട് വെളിപ്പെടുത്തി. ഉടൻ തന്നെ ബാബു നീലാങ്കര പൊലീസിൽ പരാതി നൽകി.

പൊലീസ് സ്ഥലത്തെത്തി വീപ്പയിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സിമന്റിട്ട് ഉറപ്പിച്ചതിനാൽ തുറക്കാനായില്ല. തുടർന്ന് റോയപ്പേട്ട സർക്കാർ ആശുപത്രി മോർച്ചറിയിലേയ്ക്ക് വീപ്പ എത്തിക്കുകയായിരുന്നു. മൃതദേഹത്തിൽ മുറിവോ മറ്റ് പാടുകളോ ഇല്ലെന്നും സ്വാഭാവിക മരണമെന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. സുരേഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *