പശ്ചിമ ബംഗാള്‍:ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് ഭവാനിപൂരില്‍ വിജയം അനിവാര്യമാണ്.
ഭവാനിപൂരില്‍ ബിജെപിയുടെ പ്രിയങ്ക തീബ്രെവാളാണ് മമതയുടെ എതിരാളി. മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.
ഭവാനിപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്നന്ന ജങ്കിപ്പൂര്‍ , ഷംഷേര്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലും ലഭ്യമായ വിവരങ്ങനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ച് തൃണമൂല്‍ അധികാരം നിലനിര്‍ത്തിയെങ്കിലും നന്ദീഗ്രാമില്‍ സുവേധു അധികാരിയോട് മമതാ ബാനര്‍ജി പരാജയപ്പെട്ടത് തൃണമൂലിന് വലിയ ആഘാതമായിരുന്നു. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അധികാരമേറ്റ് ആറ് മാസത്തിനകം മുഖ്യമന്ത്രിയായ മമതയ്ക്ക് നിയമസഭാ അംഗത്വം നേടേണ്ടതായിട്ടുണ്ട്.
അങ്ങനെയാണ് ഭവാനിപ്പൂരിലെ സിറ്റിംഗ് എംഎല്‍എ മമതയ്ക്ക് വേണ്ടി രാജിവച്ചതും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. മമതയും വസതിയായ കാളിഘട്ടടക്കം ഉള്‍പ്പെടുന്ന മണ്ഡമായ ഭവാനിപ്പൂര്‍ അവരുടെ ശക്തികേന്ദ്രം കൂടിയാണ്. 2011ലും 2016ലും ഭവാനിപ്പൂരില്‍ നിന്നാണ് മമത നിയമസഭയിലേക്ക് എത്തിയത്. ഇവിടെ മമതയ്ക്ക് വിജയം ഉറപ്പാണെങ്കിലും ഇക്കുറി ചരിത്രഭൂരിപക്ഷത്തോടെ ജയിച്ചു കേറണം എന്ന മോഹത്തിലാണ് തൃണമൂല്‍.
