ഭയമല്ല വേണ്ടത് ജാഗ്രതമാണ്; രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി:രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 3,82,315 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചപ്പോള്‍ 3780 പേര്‍ മരിച്ചു. പ്രതിദിന കണക്കില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവുമുയര്‍ന്ന മരണനിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *