കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.
വൈകീട്ട് ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ജോസ് കെ മാണി പിന്തുണച്ചിരുന്നു. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.
മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവനയെന്നുമാണ് ജോസ് കെ മാണി വിഷയത്തില്‍ മുമ്പ് പ്രതികരിച്ചത്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
