ന്യൂഡല്‍ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. സ്‌പേസ് എക്‌സ് പേടകം വിദഗ്ധര്‍ ആരുമില്ലാതെ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിലാണ് സംഘം ബഹിരാകാശ പര്യടനം നടത്തിയത്
ബഹിരാകാശ പരിവേഷണരംഗത്ത് ചരിത്രമെഴുതിയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിലെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഭൂമിയെ തൊട്ടത്. ഫ്‌ലോറിഡയുടെ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പ്രാദേശിക സമയം വൈകിട്ട് 7.30ന് നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി ഇറങ്ങി.
ഈ ചരിത്ര യാത്രയ്ക്കായി 200 ദശലക്ഷം ഡോളറാണ് ഇ-കൊമേഴ്‌സ് കമ്പനിയുടമ ജാരദ് ഐസക്മാന്‍ മുടക്കിയത്. ‘അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം’ – ജറേദ് ഐസക്മാന്‍ പ്രതികരിച്ചു. ജറേദ് ഐസക്മാന്‍ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്.
അര്‍ബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആര്‍സിനെക്‌സും 51കാരിയായ ജിയോ സയന്റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാര്‍. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്‌റോസ്‌പേസ് ഡേറ്റാ എന്‍ജനീയറുമായ 42കാരന്‍ ക്രിസ് സെംബ്രോസ്‌കിയാണ് നാലാമത്തെ യാത്രക്കാരന്‍.

 
                                            