ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്

ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന ആവശ്യവും ഉന്നയിക്കുന്നു.

കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് മുതല്‍മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി നല്‍കുകയും ചെയ്യുന്ന പൊതു ഗതാഗത മേഖലയിലെ സ്വകാര്യ ബസ്സുകളില്‍ ഉപയോഗിക്കുന്ന ഡീസലിന് വില്‍പ്പന നികുതിയില്‍ ഇളവ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചതായി ഫെഡറേഷന്‍ പറഞ്ഞു. അയ്യായിരത്തില്‍ താഴെ മാത്രം ബസ്സുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് ആയിരം കോടി രൂപ വകയിരുത്തിയ ബജറ്റില്‍ പന്ത്രണ്ടായിരത്തി അധികം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച ഒരു പരാമര്‍ശം പോലും നടത്തിയില്ലെന്നും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധന വരുത്തിയതും പ്രതിഷേധാര്‍ഹമാണെന്ന് ഫെഡറേഷന്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് സമരം ആരംഭിക്കാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *