മഹാരാഷ്ട്ര : പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അദ്ദേഹത്തിന്റെ മരണശേഷം മകളായ പ്രീതം മുണ്ടെ കാഡെയെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ഉപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ഭഗവത് കാഡെയെയാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് പ്രീതം മുണ്ടെ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായത്.
ബീഡ് ജില്ലയില്‍ നിന്ന് ബി ജെ പിയുടെ പതിനാല് സംഘടനാ ഭാരവാഹികളാണ് രാജിവെച്ചിരിക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി സജാരിയോ തണ്ഡേലെയും പാര്‍ട്ടി യുവജനവിഭാഗം വൈസ് പ്രസിഡന്റ് വിവേക് പക്കേരെയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. രാജിവെച്ചവരില്‍ ജില്ലാസിലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. പ്രീതത്തിന്റെ പേര് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് തങ്ങളെ തകര്‍ത്തുകളഞ്ഞെന്നും സംഘടനയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നു’മാണ് ബീഡ് ജനറല്‍ സെക്രട്ടറി തണ്ഡേലെ ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. പ്രീതത്തെ തഴഞ്ഞ് വന്‍ഞ്ചാര സമുദായത്തില്‍ നിന്ന് മറ്റൊരാളെ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായാണ് പ്രീതം വിഭാഗം കാണുന്നതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സൂചന നല്കി.
