ബെംഗലൂരു: ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിച്ചിരുന്നു. കാരണം, പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. പക്ഷെ, ഫീല്‍ഡിംഗ് നിലവാരമുള്ളതായിരുന്നില്ല. ഞങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ കാരണം അവര്‍ക്ക് റണ്‍സേറെ ലഭിച്ചു. രണ്ട് നിര്‍ണായക ക്യാച്ചുകള്‍ ഞങ്ങള്‍ കൈവിട്ടു. അതുവഴി 25-30 റണ്‍സ് അധികം നേടാന്‍ അവര്‍ക്കായി. ബാറ്റിംഗില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് തുടങ്ങിയത്. പക്ഷെ പിന്നീട് നാലോ അഞ്ചോ അനായാസ പുറത്താകലിലൂടെ ഞങ്ങള്‍ തോല്‍വി ചോദിച്ചുവാങ്ങി.വിക്കറ്റ് വീഴേണ്ട പന്തുകളിലല്ല ഞങ്ങള്‍ പുറത്തായത്. പക്ഷെ ഞങ്ങള്‍ അടിച്ചതെല്ലാം അവരുടെ ഫീല്‍ഡര്‍മാരുടെ കൈകളിലേക്കായിപ്പോയി. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഞാനും ലോംറോറും ചേര്‍ന്ന് മികച്ച കൂട്ടുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അന്തിമ ഫലത്തില്‍ ഒരു മികച്ച കൂട്ടുകെട്ടിന്‍റെ കൂടെ കുറവ് ഞങ്ങളുടെ ഇന്നിംഗ്സിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നു. ഈ തോല്‍വിയില്‍ തളരില്ലെന്നും വരാനാരിക്കുന്ന എവേ മത്സരങ്ങളില്‍ ജയിച്ച് ശക്തമായി തിരിച്ചുവരുമെന്നുമാണ് കോലി പറഞ്ഞത്.

 
                                            