പ്രകോപനപരമായ മുദ്രാവാക്യം വിളി: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ

കോട്ടയം ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തി‌ട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയത് അൻസാറായിരുന്നു.

സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിരുന്നു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ പറഞ്ഞു. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി.

21നു നടന്ന റാലിക്കിടെയായിരുന്നു സംഭവം. 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി, ഒരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ബാക്കിയുള്ളവർ അത് ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകർ നൽകിയതല്ലെന്നും ഇത്തരം അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ ശൈലിയല്ലെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *