ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച സ്പൈവെയര്‍ ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സര്‍വറിലേക്ക് മാറ്റും.
ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും എവിടെയും എങ്ങനെയും നുഴഞ്ഞു കയറാന്‍ പര്യാപ്തമായ സ്പൈവെയറാണ് . പെഗാസസ് എന്ന സ്പൈവെയര്‍ ബാധിച്ചു കഴിഞ്ഞാല്‍ ആ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്പൈവെയര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ദൃശ്യമാകും. ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും
2016ലാണ് പെഗാസസ് സ്പൈവെയര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായതിനു പിറകെ പെഗാസസ് ഉപയോഗപ്പെടുത്തുന്ന പഴുതുകളെല്ലാം അടച്ച് ആപ്പിള്‍ സോഫ്റ്റ്വെയര് അപ്ഡേറ്റ് നടത്തി. സംഭവത്തിനു ശേഷം ആന്‍ഡ്രോയ്ഡ് ഫോണുകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ പെഗാസസ് ചാരവലയത്തിന്റെ നിര്‍മാതാക്കളെന്ന നിലയ്ക്ക് എന്‍എസ്ഒക്കെതിരെ ഫേസ്ബുക്ക് നിയമനടപടി സ്വീകരിച്ചു. കമ്പനിക്കു കീഴിലുള്ള വാട്സ്ആപ്പ് വഴി ഇന്ത്യയിലടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതായി ആക്ഷേപമുയര്‍ന്നതിനു പിറകെയായിരുന്നു ഇത്.
പെഗാസസ് സ്പൈവെയര്‍ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം അവ മുന്‍പ് ഉണ്ടായിരുന്ന മറ്റ് സമാന ചാര സോഫ്റ്റ് വെയറുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമാണ് എന്നതാണ്. ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനമായ ഹാക്കിങ് സംവിധാനമാണ് പെഗാസസ്. ഏറ്റവും നവീനമായ സങ്കേതങ്ങളും രഹസ്യാത്മകമായ സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് ഈയൊരു സ്പൈവെയര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഫോണിലുള്ള ഫോട്ടോകളും രഹസ്യവിവരങ്ങളും ചോര്‍ത്തുകയാണ് പ്രധാനമായും പെഗാസസ് ചെയ്യുന്നത്. ഇതോടൊപ്പം കാളര്‍ ലോഗുകള്‍, കോണ്ടാക്ട് ലിസ്റ്റ്, ഇ-മെയില്‍, എസ്എംഎസ്, ജിപിഎസ് തുടങ്ങി എല്ലാ വിവരങ്ങള്‍ തൊട്ട് എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട വാട്സ്ആപ്പ് ചാറ്റുകള്‍ വരെ ഇതുവഴി ചോര്‍ത്താനാകും.
ഭീകരപ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ വേണ്ടി ഭരണകൂടങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് സോഫ്റ്റ്വെയര് വികസിപ്പിച്ചതെന്നാണ് എന്‍എസ്ഒ അവകാശപ്പെടുന്നത്. അടിസ്ഥാനപരമായി പൗരന്മാരെയും തങ്ങള്‍ക്കു ഭീഷണിയോ വെല്ലുവിളിയോ ഉയര്‍ത്തുന്നവരെയും പിന്തുടരാന് ഭരണകൂടങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ ചാരവൃത്തി മാര്‍ഗമാണിത്.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചതിനാല്‍ ഈ സ്പൈവെയറിന് നല്ല വിലയുമുണ്ട്. ഭരണകൂട സംവിധാനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ അവര്‍ പെഗാസസ് വില്‍ക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ തന്നെ പറയുന്നത് .
പെഗാസസ് സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ പ്രമുഖ അക്കാദമീഷ്യന്മാരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീണ്ടും പെഗാസസ് ഇന്ത്യയില്‍ രാഷ്ട്രീയവിവാദമായി ഉയര്‍ന്നിരിക്കുന്നത്.
മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈല്‍ ഫോണുകള്‍ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ടവരില്‍ രാഹുല്‍ ഗാന്ധി, പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് കിഷോര്‍, രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തായ അലങ്കാര്‍ സവായി എന്നിവരും ഉള്‍പ്പെടും.

 
                                            