പി സി ജോർജ് കീഴടങ്ങി : പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്. നിയമം പാലിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിസി ജോർജിനെ അനുകൂലിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തിയിട്ടുണ്ട്. കോടതി ജാമ്യം നിഷേധിച്ചുവെന്ന് വാർത്ത വന്നതിന് പിന്നാലെ പി. സിക്കെതിരെ മുദ്രാവാക്യവുമായി പിഡിപി പ്രവർത്തകർ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തിയത്.


പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ജോർജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
മേയ് എട്ടിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലെ പ്രസംഗമാണ് വിവാദമായത്. ഒരു മതവിഭാഗത്തെ ആക്ഷേപിച്ച്‌ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *