പിണറായി കേരളത്തിന്റെ മുടിയനായ പുത്രന്‍: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചരിത്രത്തില്‍ ഇതു പോലെയുള്ള സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തി ഉണ്ടെന്ന് സംസ്ഥത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സര്‍വ്വനാശമാണ് ആറു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മേഖലയില്‍ പോലും സംസ്ഥാനത്തിന് വളര്‍ച്ചയുണ്ടാക്കാനായിട്ടില്ല. സേവന- കാര്‍ഷിക-സാമ്പത്തിക മേഖലകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോടുള്ള ഏക ആവശ്യം കടം വാങ്ങാനുള്ള അനുമതി നല്‍കണമെന്നതാണ്. പണി എടുത്തവര്‍ക്ക് കൂലി നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശമ്പള വര്‍ദ്ധനവവോ, ബോണസോ ആവശ്യപ്പെട്ടുകൊണ്ടല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യുന്നത്. ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചാണ്.

വാര്‍ഷികം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കത്തിന് ലക്ഷങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍, പാലാരിവട്ടം പാലംപണിത രണ്ടാം ഇബ്രാഹിം കുഞ്ഞായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പാടെ തകരുകയും മറുഭാഗത്ത് അഴിമതി നടത്തുകയുമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നയയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപക്ഷവും പ്രതിപക്ഷവും ഇത്രയേറെ ഐക്യപ്പെട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. സംസ്ഥത്ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തേയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് രാജ്യവിരുദ്ധ ശക്തികളാണ്. കാശ്മീരില്‍ കഴിഞ്ഞ ആറു വര്‍ഷമായി ഭീകരപ്രവര്‍ത്തനം കുഞ്ഞുവന്നപ്പോള്‍ കേരളത്തില്‍ അത് ശക്തി പ്രാപിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പിണറായി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. നടക്കില്ലെന്ന് ബോധ്യമായിട്ടും കെ റെയില്‍ പദ്ധതിക്കായി തുലച്ച കോടികള്‍ മുഖ്യമന്ത്രി സ്വന്തം കീശയില്‍ നിന്നും തിരിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ തഴവ സഹദേവന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ: ജോയി കെ ജോണ്‍, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സംഘടനാ സെക്രട്ടറി ശ്യാം ലൈജു, ആര്‍എല്‍ജെപി ജില്ലാ പ്രസിഡന്റ് ജിമ്മി രാജ്,ബിജെപി നേതാവ് ശ്രീ വിജയൻ തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ഒബിസി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍,  ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: വി.ജി. ഗിരികുമാർ, ബിജെപി ദേശീയ സമിതി അംഗം അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *