മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പുലര്‍ച്ചെ രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം, ജനങ്ങളുടെ തിരക്ക് കാരണം പന്ത്രണ്ടരയോടെ നിര്‍ത്തി മൃതദേഹം പാണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയാണ് ഉണ്ടായത്. വന്‍ജനക്കൂട്ടമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലും പാണക്കാട് വീട്ടിലും എത്തിയത്.പോലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ഖബറടക്കം ഒരുക്കിയത്.
മൃതദേഹം കൊച്ചിയില്‍നിന്ന് മലപ്പുറത്ത് എത്തിയശേഷം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയാണ് ചെയ്തത്. ജനത്തിരക്ക് കാരണം പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് ശേഷം പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കുകയായിരുന്നു. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചുദിവസമായി വളരെ മോശമായ അവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരുന്നു. പൊതുദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രാഷ്ട്രീയരംഗത്തെ നേതാക്കളും തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിഷ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ജനിച്ചു. ചെറുപ്പത്തിലെ ഉമ്മ മരിച്ചതിനാല്‍ തന്നെ പ്രിയ സഹോദരി മുത്തു ബീവിയുടെ കൂടെയായിരുന്നു കുട്ടിക്കാലം.
2009-ലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ തുടര്‍ന്നാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പദവിയിലെത്തിയത്. 1990 മുതല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ആയിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് , സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത,ഭൗതിക കലാലയങ്ങളുടെയും, അനാഥാലയങ്ങളുടെയും അമരക്കാരനായിരുന്നു.
