പത്ത് ലക്ഷം രൂപയ്ക്ക് മൂന്ന് മലയാളി സ്ത്രീകളെ വിറ്റു, മൂവരും രക്ഷപ്പെട്ടത് സമയോചിത ഇടപെടലിൽ

കൊച്ചി: കുവൈറ്റ് കുടുംബങ്ങൾക്ക് വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘം 10 ലക്ഷം രൂപയ്ക്ക് വിറ്റ സ്ത്രീകളെയാണ് ​ഗൾഫ് നാടുകളിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ രക്ഷപ്പെടുത്തിയത്.

കണ്ണൂർ സ്വദേശിയായ എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാന കണ്ണി. ഇയാൾ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ച് കൊണ്ടാണ് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. യുവതികളെ മോചിപ്പിക്കാൻ കുടുംബങ്ങൾ സമീപിച്ചപ്പോൾ മൂന്ന് ലക്ഷം രൂപ ഇയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീകളിലൊരാളുടെ ഭർത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അവരുടെ അംഗങ്ങൾക്ക് വാട്ട്‌സാപ്പിൽ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ മോചിപ്പിക്കാൻ സംഘം കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.

കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരിൽ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും പോസ്റ്ററുകൾ കണ്ട ശേഷം സ്ത്രീകൾ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളിൽ ഒരാളുടെ ഭർത്താവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ നിയന്ത്രണങ്ങൾ മറികടക്കാൻ, സ്ത്രീകളെ സന്ദർശന വിസയിൽ ഷാർജയിലേക്ക് കൊണ്ടുപോവുകയും പിന്നീട് റോഡ് മാർഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റിൽ സമ്പന്ന അറബ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപക്ക് ഇവരെ വിറ്റു. ഏതാനും ദിവസങ്ങൾക്കുശേഷം തങ്ങൾ കുടുങ്ങിപ്പോയതായി ഇരകൾ തിരിച്ചറിഞ്ഞു.  പുതിയ ഉടമകൾ അവരെ പീഡനത്തിന് ഇരയാക്കി. എന്നാൽ ഉപയോഗിച്ചിരുന്ന ഫോണുകൾ അവരുടെ പക്കലുണ്ടായിരുന്നു. അതുവഴി സ്ത്രീകൾക്ക് വീട്ടിലുള്ള കുടുംബങ്ങളെ ബന്ധപ്പെടാനും അവരുടെ തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് വിവരം നാട്ടിൽ അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *