ചണ്ഡിഗഢ്: പഞ്ചാബിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ദേശ് രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലെ നടുറോട്ടില്‍ ജനങ്ങളുടെ കൺമുന്നിലാണ് അക്രമിസംഘം യുവാവിനെ വെട്ടികൊന്നത്. രണ്ട് ബൈക്കുകളിലെത്തിയ ആറുപേരടങ്ങുന്ന അക്രമിസംഘമാണ് കൊല നടത്തിയത്.
വാളുകളുമായി യുവാവിനു പിന്നാലെയോടി വെട്ടി കഴുത്തറുക്കുകയായിരുന്നു. കൊല നടത്തി സംഘം രക്ഷപ്പെടുകയും ചെയ്തു. യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴുത്ത് പൂർണമായും ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അഡീഷനൽ പൊലീസ് സുപ്രണ്ട് സർഫ്രാസ് ആലം പറഞ്ഞു. കാലും മുറിഞ്ഞിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
