കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടിപ്പിയ്ക്കുന്നു. മാർച്ച് അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് ‘അണുകാവ്യനാട്യോത്സവം’ എന്ന് പേരിട്ടിരിക്കുന്ന നാട്യ മത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങൾ ആസ്പദമാക്കിയായിരിയ്ക്കും മത്സരങ്ങൾ.
കേരളത്തിലെ പ്രശസ്ത നാട്യ കലാ ഗുരുകുലമായ ഗൗരീ ശങ്കര നാട്യ കലാക്ഷേത്രമാണ് പരിപാടികൾ  സംഘടിപ്പിക്കുന്നത്. 
ഭരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥക്ക്, നാടകം തുടങ്ങി ഏത് വിഭാഗത്തിൽപ്പെട്ട  കലാകാരന്മാർക്കും പ്രായഭേദമോ  ലിംഗഭേദമോ ഇല്ലാതെ രജിസ്റ്റർ ചെയ്ത പരിപാടികളിൽ പങ്കെടുക്കാം. ഓരോ ജില്ലയിലേയും മികച്ച കലാകാരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അന്തർ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലകളിലും സംസ്ഥാനതലത്തിലും മുന്നിലെത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
 
ശ്രീ ഗുരു തൃശ്ശിവപേരൂർ കണ്ണനാണ് പരിപാടികളുടെ ആസൂത്രണം നിർവഹിക്കുന്നത്. ശ്രീജിത്ത് കിണ്ണനാണ് മുഖ്യസംഘാടകൻ. ചിത്രീകരണം സജിത്ത് ദയാലു. കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള നാട്യാചാര്യന്മാർ ഈ സംരംഭത്തിന് പിന്തുണയേകിയിട്ടുള്ളതായി തൃശ്ശിവപേരൂർ കണ്ണൻ പറഞ്ഞു. ” ഒരു ആശയം നാലു വരികളിലൂടെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന ” അണു കാവ്യം ” എന്ന കവിതകൾ വായിച്ചപ്പോഴാണ് നാട്യത്തിലൂടെയുള്ള അതിന്റെ ദൃശ്യാവിഷ്കരണം നടന കലയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കും എന്ന് തോന്നിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് മുഖത്തിലൂടെയും മുദ്രകളിലൂടെയും ഒരു ആശയം പ്രതിഫലിപ്പിക്കാനുള്ള സിദ്ധിയാണ് നർത്തകരുടെ മികവ് തിരിച്ചറിയാനുള്ള മാനദണ്ഡം.
അതുകൊണ്ടുതന്നെ നാട്യ രൂപത്തിൽ അവതരിപ്പിക്കാൻ അങ്ങേയറ്റം യോജിക്കുന്ന വരികളാണ് ഈ അണു മഹാകാവ്യത്തിൽ ഉള്ളത്. ഈ ഗ്രന്ഥത്തിൽ ഉള്ള ആയിരം കവിതളേയും കഴിയുമെങ്കിൽ നൃത്ത രൂപത്തിലേക്ക് മാറ്റുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രശസ്ത വ്യക്തികളും ഈ നൃത്തോത്സവത്തിൽ ഞങ്ങളോടൊപ്പം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ പ്രവർത്തകരേയും ഈ പരിപാടിയുടെ ഭാഗമാകാൻ ഞാൻ ക്ഷണിയ്ക്കുകയാണ്. ” കണ്ണൻ പറഞ്ഞു.
 ഓരോ ജില്ലയിൽനിന്നുമുള്ള മത്സരാർത്ഥികൾക്ക് ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളിലെ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഓരോ ജില്ലയിലെയും  വിവിധ ഡാൻസ് സ്കൂളുകൾ കേന്ദ്രീകരിച്ച് ആയിരിക്കും ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്   വിളിക്കേണ്ട നമ്പർ,  കണ്ണൻ – 7994033508, ശ്രീജിത്ത് – 7907397502.

 
                                            