നേതാക്കളും അണികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചടങ്ങിനെത്തിയ സുരേഷ്‌ഗോപി പങ്കെടുക്കാതെ ഇറങ്ങിപ്പോയി

കെട്ടാരക്കര: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സമൃതികേരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപി എം പി ചടങ്ങ് പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. സുരേഷ് ഗോപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ കൊവിഡ് സാമൂഹിക അകലം പാലക്കാതെ വന്നതോടെയാണ് പരിപാടി പൂര്‍ത്തിയാക്കാതെ എംപി മടങ്ങിയത്. 71 പേര്‍ക്ക് തെങ്ങിന്‍ തൈ വിതരണം ചെയ്യാനായിരുന്നു താരം കൊട്ടാരക്കരയില്‍ എത്തിയത്.

സുരേഷ് ഗോപി പരിപാടിക്ക് വേണ്ടി കൊട്ടാരക്കരയില്‍ എത്തി കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. ആരും തന്നെ പരിപാടിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ താന്‍ പരിപാടിയില്‍ നിന്ന് മടങ്ങുമെന്ന് സുരേഷ് ഗോപി കാറില്‍ നിന്ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് താരം ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ എത്തിയത്. തുടര്‍ന്നും താരം അണികളോട് അകന്ന് നില്‍ക്കാന്‍ പല തവണ അഭ്യര്‍ത്ഥിച്ചു. ഇതിനിടെയില്‍ ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. ഈ സമയത്തും അണികളോട് സീറ്റിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും താരം അഭ്യര്‍ത്ഥിച്ചു.

ഇതോടൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കളും സാമൂഹിക അകലം പാലിക്കുന്നതിനായി അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അണികള്‍ ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തന്റെ വാക്ക് അണികള്‍ കേള്‍ക്കാതെ വന്നതോടെ വേദിയില്‍ കയറാനോ, പ്രസംഗിക്കാനോ തയ്യാറാവാതെ സുരേഷ് ഗോപി കാറില്‍ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് ബിജെപി നേതാക്കള്‍ ഇടപെട്ടാണ് പരിപാടി പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *