എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ജില്ലയില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത് ഒന്‍പത് നവീകരിച്ച വിദ്യാലയങ്ങള്‍. ഇതില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ നവീകരിച്ച ഒരു വിദ്യാലയവും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപവീതം ലഭ്യമാക്കി നവീകരിച്ച അഞ്ച് വിദ്യാലയങ്ങളും ഉള്‍പ്പെടുന്നു.
കിഫ്ബി ധനസഹായത്തോടെ അഞ്ച് കോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയായ ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആധുനിക നിലവാരത്തില്‍ രണ്ട് അക്കാദമിക് ബ്ലോക്കുകളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി തയ്യാറായിട്ടുളളത്. ലാബ്, ലൈബ്രറി, പെണ്‍കുട്ടികള്‍ക്കായുള്ള വിശ്രമമുറി, ഡൈനിംഗ് ഏരിയ, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് പുതുതായി നിര്‍മിച്ച ബ്ലോക്കുകള്‍.
അഞ്ച് കോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയാകുന്ന മറ്റ് സ്‌കൂളുകള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുത്തന്‍തോട്, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എളമക്കര എന്നിവയാണ്. കല്ലില്‍ മേതല ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ മൂന്ന് കോടിരൂപ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ലഭ്യമാക്കി നവീകരിക്കുന്ന വിദ്യാലയങ്ങള്‍ ജി.എല്‍.പി.എസ് വടവുകോട്, ജി.എല്‍.പി.എസ് നോര്‍ത്ത് വാഴക്കുളം, തൃപ്പൂണിത്തുറ സംസ്‌കൃത ഹൈസ്‌ക്കൂള്‍, ജി.എല്‍.പി.എസ് കുമ്പളങ്ങി, ജി.യു.പി.എസ് കണ്ടന്തറ എന്നിവയാണ്.
