സഞ്ജയ് ദേവരാജന്‍

കേരളത്തിലെ യുവജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. യുവജനങ്ങളെ മാത്രമല്ല യാത്ര ഒരു പാഷന്‍ ആയി കൊണ്ടു നടക്കുന്ന ജനങ്ങളെ ആകെ ഈ ചിത്രം ആകര്‍ഷിച്ചു.
ബൈക്കില്‍ കേരളത്തില്‍ നിന്നും നാഗാലാന്‍ഡ് വരെ യാത്ര പോകുന്ന രണ്ടു ചെറുപ്പക്കാരായ സുഹൃത്തുക്കളുടെ കഥ, അവരുടെ സ്വപ്നങ്ങളുടെ കഥ, ഇതായിരുന്നു സിനിമ .
സിനിമയുടെ തിരക്കഥയില്‍ പാളിച്ചകള്‍ ഉണ്ടങ്കിലും, ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലൂടെയുള്ള യാത്ര, സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്ക് സുഖകരമായ അനുഭവമായിരുന്നു.
സിനിമയുടെ പ്രമേയം:
ഖാസി ( ദുല്‍ഖര്‍ സല്‍മാന്‍) എന്ന മലയാളി ചെറുപ്പക്കാരനും, അസി (ബാല ഹിജാം ) എന്ന നാഗാലാന്‍ഡ് കാരി പെണ്‍കുട്ടിയും തമ്മിലുള്ള ക്യാമ്പസ് പ്രണയത്തില്‍ നിന്ന് തുടങ്ങുന്നു. എന്റെ വിധി ഞാന്‍ തീരുമാനിക്കും, ഈ മനോഭാവകാരനായ ക്യാമ്പസിന്റെ ഇടത് സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഉശിരുള്ള ചെറുപ്പക്കാരന്‍ ആണ് ഖാസി . കോളേജ് കാലഘട്ടം തീര്‍ന്നപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത പ്രണയിനിയെ നാഗാലാന്‍ഡ്‌ലേക്ക് വിടാതെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയാണ് നായകന്‍. യാഥാസ്ഥിതിക ചുറ്റുപാടുള്ള വീട്ടുകാരുടെ എതിര്‍പ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അസി,
ഖാസിയോട് ഒരു വാക്കുപോലും പറയാതെ പോവുകയാണ്.
അസിയുടെ അപ്രതീക്ഷിതമായ, ഒരു വാക്കുപോലും പറയാതെയുള്ള പിരിഞ്ഞു പോക്ക് അയാളെ മുറിപ്പെടുത്തുന്നുണ്ട്. തിരസ്‌കാരത്തിന്റെ വേദന മറക്കാന്‍ അയാള്‍ ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നു. ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങുമ്പോള്‍, കൂട്ടുകാരനെ ഒറ്റയ്ക്ക് വിടാന്‍ മനസ്സില്ലാത്ത സുനി ( സണ്ണി വെയിന്‍) അയാളോടൊപ്പം മറ്റൊരു ബൈക്കില്‍ യാത്രയില്‍ പങ്കുചേരുന്നു.
കേരളത്തിന്റെ വടക്ക് നിന്നു റോഡിലൂടെ തുടങ്ങുന്ന യാത്ര കര്‍ണാടകയിലൂടെ പോകുമ്പോള്‍ അവര്‍ മറ്റൊരു കൂട്ടം സഞ്ചാരികളുടെ ഒപ്പം കൂടുകയും, ഒറീസയിലെ പൂരി എന്ന നഗരത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു . സിനിമയുടെ ദൃശ്യഭാഷ നമുക്കൊരു യാത്രയുടെ സുഖം നല്‍കുന്നുണ്ട്.
ഒറീസയിലെ കടല്‍ത്തീരത്തു സഞ്ചാരികളോടൊപ്പം യാത്ര ആസ്വദിക്കുകയാണ് അവര്‍ . അവിടെ വച്ചു പരിചയപ്പെട്ട ഇഷിതയുമായി ഇടപഴകുമ്പോള്‍, വീണ്ടും പ്രണയിനിയായ അസിയുടെ ഓര്‍മ്മകള്‍ അയാളിലേക്ക് എത്തുന്നു. അവിടെ നിന്ന് പശ്ചിമബംഗാളിലേക്ക് ഖാസിയും സുനിയും യാത്ര തുടരുന്നു. പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തില്‍ അവര്‍ പരിചയപ്പെടുന്ന ബിമല്‍ ദാദയും മകള്‍ ദുര്‍ഗ്ഗയും ഇന്ത്യയില്‍ ഇന്ന് എല്ലാ സ്ഥലങ്ങളിലും സാധാരണ മനുഷ്യര്‍ നിലനില്‍പ്പിനായി പോരാടുന്ന കാഴ്ച്ച കാണിച്ചു തരുന്നുണ്ട്.
തന്റെ സമരവീര്യത്തില്‍ അഭിമാനംകൊള്ളുന്ന ബിമല്‍ ദാദ, എന്നാല്‍ പോരാട്ടത്തില്‍ തനിക്കു ഭാര്യയെ നഷ്ടമായതില്‍ ദുഃഖിക്കുന്നു. ഖാസി യോട് സ്‌നേഹിക്കുന്ന പെണ്ണിനെ നേടുവാന്‍ ഉപദേശിച്ചു ബിമല്‍ ദാദ അവരെ യാത്രയാക്കുന്നു. തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് ആസ്സാം വഴി നാഗാലാന്‍ഡ് ലേക്ക് പുറപ്പെടുന്ന അവര്‍ക്കു വഴിയില്‍ പരിചയപ്പെടുന്ന മലയാളിയായ രാഘവന്‍ എന്ന ടയര്‍ മെക്കാനിക്കും, അയാളുടെ ജീവിതവും മറ്റൊരു അനുഭവം അവരോട് പറയുന്നുണ്ട്
കൈവിട്ടുപോയവരെ കുറിച്ച് ദുഃഖിക്കുന്ന ഇവരൊക്കെ, മറ്റൊരുതരത്തില്‍ പ്രിയപ്പെട്ടവളുടെ
അടുത്തെത്താന്‍ നായകനെ പ്രേരിപ്പിക്കുന്നുണ്ട്. ആസ്സാം ലെ ലഹള ബാധിത പ്രദേശങ്ങളിലൂടെ കടന്ന് അവര്‍ നാഗാലാന്‍ഡില്‍ എത്തിച്ചേരുന്നു. കൂട്ടുകാരനോട് അസിയെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം സുനി പശ്ചിമബംഗാളില്‍ ബിമല്‍ ദാദ യുടെ മകള്‍ ദുര്‍ഗ്ഗയുടെ അടുത്തേക്ക് പോകുന്നു. നായികയുടെ വീട്ടിലെത്തുന്ന നായകന്‍, നായികയോടൊപ്പം തിരിച്ചു യാത്ര തിരിക്കുന്നു.
ഒറീസ, പശ്ചിമബംഗാള്‍, ആസാം, നാഗാലാന്‍ഡ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭംഗി ഒപ്പിയെടുക്കാന്‍ ഈ സിനിമക്ക് സാധിക്കുന്നുണ്ട്. സിനിമയിലെ നായകനെ പോലെ പലപ്പോഴും ലക്ഷ്യബോധമില്ലാതെ സിനിമ സഞ്ചരിക്കുന്നുണ്ട്. ക്ലൈമാക്‌സ് പാളി പോകുന്നുണ്ട്.
എന്നാലും റോഡ് മൂവി എന്ന നിലയില്‍ ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. നാനാ ജാതി, മത, ഭൂമി, ദേശ വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന അത്ഭുതപ്രതിഭാസം നാം കൂടുതലറിയാന്‍ ഉണ്ട് എന്നും ഈ സിനിമയുടെ ദൃശ്യഭാഷ പറയുന്നുണ്ട്.
വാര്‍ത്തകളില്‍ നിന്നും വായനയിലൂടെയും മനസ്സിലാക്കുന്ന ഇന്ത്യയില്‍ നിന്ന് കൂടുതലായി നാനാത്വത്തില്‍ ഏകത്വം, എന്ന ഇന്ത്യയുടെ ആത്മാവ് നന്നായി മനസ്സിലാകണമെങ്കില്‍ നാം ഇന്ത്യയിലൂടെ ഒരു സഞ്ചാരം നടത്തേണ്ടതായി ഉണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട നമ്മളെ വീണ്ടും യാത്രകളെ കുറിച്ച് സ്വപ്‌നം കാണാന്‍ ഈ സിനിമ പ്രേരിപ്പിക്കുന്നു.
