നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനില്‍ വന്‍ കവര്‍ച്ച. നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിജയലക്ഷ്മിയുടെ പക്കല്‍ ഉണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ട്രെയിന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച ശേഷമാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയില്‍ റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കിയോ സ്‌പ്രേ ഉപയോഗിച്ചോ ഇവരെ ബോധരഹിതരാക്കിയതിന്? ശേഷം കവര്‍ച്ച നടത്തിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് മൂന്ന് പേരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് റെയില്‍വേ പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *