കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച് ഉയരെ പറക്കാന്‍ പ്രാപ്തരാക്കുകയാണ് കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി.
കോതമംഗലം പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തിയതാണ് ഇവരുടെ ജീവിതത്തില്‍ വഴിതിരിവായത്.
പീസ് വാലിയിലെ മൂന്ന് മാസത്തെ ചികിത്സയിലൂടെ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ പ്രാപ്തരായി.
മറ്റുള്ളവരെ ആശ്രയിക്കാതെ കുടുംബം പുലര്‍ത്തണമെന്ന അതിയായ ആഗ്രഹം ഇവരെ എത്തിച്ചത് ഓട്ടോ റിക്ഷ ഡ്രൈവിംഗ് എന്ന സ്വപനത്തിലേക്കാണ്.
ഇടുക്കി ജില്ലയിലെ അടിമാലി,കുഞ്ഞിത്തണ്ണി സ്വദേശി ലിജു, കോഴിക്കോട് സ്വദേശി ഫവാസ്, മലപ്പുറം നിലമ്പൂര്‍ സ്വദേശി ഷബീര്‍, പെരുമ്പാവൂര്‍ സ്വദേശി അജാസ് എന്നിവര്‍ക്കാണ് ഓട്ടോറിക്ഷ കൈമാറിയത്. ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഷമീറിന് ബാഗ് നിര്‍മാണ യൂണിറ്റിനുള്ള ധന സഹായവും കൈമാറി.
വ്യവസായ മന്ത്രി പി രാജീവ് ചടങ്ങ് ഉത്ഘാടനം ചെയ്തു. നിരാലംബരായ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും കടിഞ്ഞാണിടാന്‍ പര്യാപ്തമായവയാണ്പീ സ് വാലിയുടെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ടതിനാല്‍ ഓട്ടോറിക്ഷയുടെ ബ്രേക്ക് കൈ കൊണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുത്താണ് കൈമാറിയത്.
ഒന്നര ലക്ഷ രൂപയോളമാണ് ഒരു ഓട്ടോ റിക്ഷക്ക് ചിലവ് വരുന്നത്. സമാന രീതിയില്‍ എറണാകുളം നഗരത്തില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഭിന്നശേഷിക്കാരനായ സന്തോഷിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം തമ്മനത്തെ വെല്‍ക്കം ഓട്ടോ ഗ്യാരജിലെ മെക്കാനിക് താജുദ്ധീന്‍ ആണ് ഓട്ടോറിക്ഷയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത്.
ഓട്ടോ ലഭിച്ചവരില്‍ ലിജോ, ഫവാസ്, ഷബീര്‍ എന്നിവര്‍ വാഹനാപകടങ്ങളില്‍ പരിക്കെറ്റ് അരക്ക് താഴേക്ക് തളര്‍ന്നു പോയവരാണ്. പതിനഞ്ചാം വയസ്സില്‍ പനി വന്നാണ് പെരുമ്പാവൂര്‍ സ്വദേശി അജാസിന്റെ കാലുകള്‍ക്ക് സ്വാധീനം നഷ്ടമായത്.
