അഖിൽ മാരാർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് കേരളത്തിലെ യുവതലമുറ ഏറെ ചർച്ച ചെയ്യപ്പെടുന്ന വാർത്ത. അകിൽ മാരാർ, സോഷ്യൽ മീഡിയ താരമായതുകൊണ്ടും അദ്ദേഹത്തിന് കേരളത്തിൽ വലിയ ഫാൻബേസ് ഉള്ളതുകൊണ്ടും വാർത്തയ്ക്ക് അല്പം ചൂട് ഏറി. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം രാഷ്ട്രീയത്തെ സംബന്ധിച്ച് വാ തോരാതെ സംസാരിച്ചതും ഈ സംശയത്തിന് ആക്കംകൂട്ടി.
ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അഖിലിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് കാരണമായിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ ഇഫ്താർ വിരുന്നിന് അഖിലിന് ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ അഖിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രാഷ്ട്രീയ വിമർശനങ്ങൾ മാറ്റിവെച്ച് മുഖ്യമന്ത്രിയെ കണ്ടപ്പോൾ താൻ ചിരിച്ചെങ്കിലും മുഖ്യൻ തന്റെ മുഖത്ത് പോലും അദ്ദേഹം നോക്കിയില്ലെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം-‘ പ്രതിപക്ഷ നേതാവ് നിയമസഭയിൽ നൽകിയ ഇഫ്താർ വിരുന്നിൽ അതിഥി ആയി പങ്കെടുത്തപ്പോൾ. രാഷ്ട്രീയ വിമര്ശനങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോൾ ഞാൻ ചിരിച്ചു ജനാധിപത്യ മര്യാദ ഉള്ള മുഖ്യൻ എന്റെ മുഖത്ത് പോലും നോക്കിയില്ല. അതോടെ ഒരു കാര്യം ഉറപ്പായി ഞാൻ ഉന്നയിച്ച വിഷയങ്ങൾ കൊള്ളേണ്ടിടത് കൃത്യമായി കൊണ്ടു. എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾആശംസകൾ നേരത്തെ അറിയിക്കുന്നു’.വീഡിയോക്ക് താഴെ അഖിലിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോയെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ചില കമന്റുകൾ നോക്കാം- കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് അടുത്ത ഒരു എംഎൽഎ തയ്യാറാണ്; എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അടുത്ത രാഹുൽ മാങ്കൂട്ടത്തിൽ അല്ലെങ്കിൽ ഷാഫി പറമ്പിൽ , ഷിയാസ് ഭായി അഖിൽ മാരാർ, അടുത്ത എംഎൽഎ അല്ലെങ്കിൽ മന്ത്രി’, എന്നാണ് മറ്റൊരു കമന്റ്. അഖിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്ന് പ്രവർത്തിക്കണമെന്നും കോൺഗ്രസിലെ യുവാക്കൾക്കൊപ്പം അണനിരക്കണമെന്നുമുള്ള കമന്റുകൾ ഉണ്ട്. അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ചതിൽ അഖിലിനെതിരേയും കമന്റുകൾ ഉണ്ട്.’ഇനി താങ്കളുടെ വിധി എന്താണെന്ന് കണ്ടറിയണം! പെട്ടെന്ന് കിട്ടിയ പ്രശസ്തിയിൽ മതിമറന്ന് അതിൽ രാഷ്ട്രീയം കലർത്തി, ഇടതിനെ ചൊറിഞ്ഞു വലതിനെ സുഖിപ്പിച്ചു. അത് വഴി അധികാര സ്ഥാനങ്ങളിൽ എത്താനുള്ള താങ്കളുടെ വല്ലാത്തൊരു ത്വര സമൂഹം കാണുന്നുണ്ട്. താങ്കളെ അന്നദാനത്തിന് വിഡി സതീശൻ ക്ഷണിച്ചത് തന്നെ ആ രാഷ്ട്രീയം കണ്ടിട്ടാണ് .ഈ സമയവും കടന്നു പോകും!’, ഒരാൾ കുറിച്ചു.’ മുഖ്യമന്ത്രി യ്ക്ക് അഭിമാനം ഉണ്ട്! എന്ത സംബന്ധവും വിളിച്ചു പറയുന്ന നിങ്ങളെക്കാണുമ്പോൾ ചിരിക്കുമെന്ന് കരുതിയോ . അദ്ദേഹത്തിന് നിങ്ങളെപ്പോലെ അവസരവാദിയായ ഒരാളോട് അഭിനയിക്കേണ്ട ഗതികേടില്ല .ശരി തെറ്റ് മനസ്സിലാക്കാതെ കയ്യടി കിട്ടുന്ന ഡയലോഗ് പറയുന്നവരെ കൂടുതൽ ഇഷ്ടപ്പെടുന്ന ജനങ്ങളുള്ളതുകൊണ്ടാ നിങ്ങളെപ്പോലുള്ളവർ ജീവിക്കുന്നത്! പിന്നെ നിങ്ങൾ ഇടയ്ക്ക് വിദ്യാഭ്യാസ മന്ത്രിയേയും വൃത്തികേട് പറയുന്നത് കേട്ടിട്ടുണ്ട്. അവരാരും പ്രതികരിക്കാത്തത് അവരുടെ നിലവാരം കൂടി പരിഗണിച്ചല്ലേ?
ഇത്തരത്തിൽ വലിയ ഒരു പോർവിളിക്കാണ് സോഷ്യൽ മീഡിയയിൽ കളമൊരുങ്ങിയിരിക്കുന്നത്. എന്തായാലും സംഭവത്തെ സംബന്ധിച്ച് ഇതുവരെയായിട്ടും ഔപചാരികമായ മറുപടി ഇരുപക്ഷത്തിന്റെ ഭാഗത്തുനിന്നും വന്നിട്ടില്ല. മാത്രമല്ല കോൺഗ്രസിനെ സംബന്ധിച്ച് പ്രവർത്തിപരിചയം ഇല്ലാത്ത വ്യക്തികൾക്ക് ഫാൻബേസ് നോക്കി, വാചകക്കസർത്ത് നോക്കി സ്ഥാനം നൽകുന്ന ആക്ഷേപമുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നത് വി ഡി സതീശൻ ആണെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് വി ഡി സതീശന്റെ ഏകപക്ഷീയമായ മറുപടി ഇക്കാര്യത്തിൽ വിലപ്പോവില്ല.

 
                                            