ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് ശേഷം കമലാഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു. വ്യാഴാഴ്ച പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ ഉള്‍പ്പെടെ 80-ഓളം പേരാണ് ഡി.എം.കെ.യില്‍ ചേര്‍ന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍പരാജയമാണ് ഇതിനു കാരണം. കമല്‍ഹാസന്‍ പ്രവര്‍ത്തകരോട് അടിമകളെപ്പോലെ പെരുമാറുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്നയുടന്‍ മലയാളിയും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ഡോ. സന്തോഷ് ബാബു ഉള്‍പ്പെടെ ഒരുകൂട്ടം മികച്ചപ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ടത്. തിരഞ്ഞെടുപ്പ് വേളയില്‍ കമല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു എന്നായിരുന്നു ആരോപണം.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ മത്സരിച്ച് 1,45,082 വോട്ട് നേടിയ മഹേന്ദ്രന്‍ പാര്‍ട്ടിയുടെ അറിയപ്പെടുന്ന മുഖമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിങ്കനല്ലൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോയമ്പത്തൂരില്‍ സീറ്റ് തനിക്കു നല്‍കിയിരുന്നെങ്കില്‍ മക്കള്‍ നീതി മയ്യത്തിന് വിജയം ഉറപ്പായിരുന്നുവെന്ന് മഹേന്ദ്രന്‍ പറയുന്നു. ”ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ നേടിയ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കമല്‍ കോയമ്പത്തൂര്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇത് സ്വാര്‍ഥതയായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് മികച്ച ആദര്‍ശം മാത്രം പോരാ. അത് നടപ്പാക്കാന്‍ സാധിക്കണം. അതിന് കഴിവുള്ള നേതാവ് വേണം. പാര്‍ട്ടിയെന്നാല്‍ താനാണെന്നു കമല്‍ അഹങ്കരിച്ചു. അവിടെയാണ് തെറ്റുപറ്റിയതെന്നും മഹേന്ദ്രന്‍ പറഞ്ഞു.
