സാധാരണയായി മണ്ണുവീടുകൾ ഇപ്പോൾ കാണാറില്ല. എന്നാൽ 3.75 ലക്ഷം രൂപയോഗിച്ച് ഒരു ഒറ്റ മുറി മണ്ണ് വീട് നിർമ്മിച്ചിരിക്കുകയാണ് പ്രവാസിയായ ജേക്കബ് തങ്കച്ചൻ. പക്ഷേ ഇതൊരു സാധാരണ വീടല്ല. പകരം 65 തരം ഔഷധങ്ങള്‍ ചേര്‍ത്ത് കുഴച്ചെടുത്ത മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒരു വീട്. പത്തനംതിട്ടയിലെ അടൂരിനടുത്ത് തുവയൂരിലാണ് ‘മൃണ്മയം’ എന്നു പേരിട്ടിരിക്കുന്ന ഈ അത്ഭുതവീട് സ്ഥിതി ചെയ്യുന്നത്.
300 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ ഒറ്റമുറി വീടിനുള്ളില്‍ പകല്‍ ഇരിക്കുമ്പോള്‍ ഫാനോ എസിയോ ഒന്നും ആവശ്യമേ ഇല്ല. എന്തിന്, വൈദ്യുതി കണക്ഷന്‍ പോലും എടുത്തിട്ടില്ല. 3.75 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിനായി ചെലവായത്. എപ്പോഴും കാറ്റ് നന്നായി ലഭിക്കുന്ന കുന്നിന്‍ചെരുവിലാണ് വീടിരിക്കുന്നത്.
രക്തചന്ദനം, കര്‍പ്പൂരം, പാണല്‍ ഇല തുടങ്ങിയ 65 ഔഷധങ്ങള്‍ മണ്ണില്‍ ചേര്‍ത്താണ് ഈ വീടിന്റെ നിര്‍മാണം. വീടിരിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണുകൊണ്ടുതന്നെയാണ് വീട് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കട്ടയുടെ നിര്‍മാണം. കട്ടയുടെ നിര്‍മാണത്തിലും ഔഷധങ്ങള്‍ ഉപയോഗിച്ചതിന് പുറമെ, പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ച മണ്ണിലും അവ ചേര്‍ത്തിട്ടുണ്ട്. ഇതോടെ മണ്ണിന്റെ ഗുണം വര്‍ധിച്ചു. ”ഫലത്തില്‍ വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അങ്ങാടി മരുന്നു കടയില്‍ ഇരിക്കുന്ന പ്രതീതിയാണെന്ന് വീട്ടുടമ പറയുന്നു.
