നരബലി

കഥ

  • സഞ്ജയ് ദേവരാജൻ

കേട്ടവർ കേട്ടവർ ഞെട്ടി, കുന്നുംപുറത്തെ ഗോപാലൻ ചേട്ടന്റ വീട്ടിൽ നരബലി നടന്നുവെന്ന്. ശങ്കരനാണ് ആ വാർത്ത കവലയിൽ വെച്ച് രാവിലെ ദിവാകര നോട് പറഞ്ഞത്. അതി രാവിലെ പേപ്പർ കൊണ്ട് ഇടുന്നതിന് ഇടയ്ക്കാണ് ശങ്കരൻ ആ കാഴ്ച കണ്ടത്. ശങ്കരന്റെ ഒരു കാലിന് ചെറിയ സ്വാധീനക്കുറവും, നാവിന് ചില അക്ഷരങ്ങൾ വഴങ്ങില്ല എന്നുള്ളത് ഒഴിച്ചാൽ കണ്ണിന് നല്ല പവറാണ്. അതുകൊണ്ടുതന്നെ ശങ്കരൻ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. വിവരമറിഞ്ഞ നാട്ടുകാർ ഗോപാലന്റെ വിട്ടേലേക്ക് പാഞ്ഞു. വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഒരു പൂജ നടന്നതിന്റെ ലക്ഷണം ഒക്കെ ഉണ്ട്. ചോരപ്പാടുകൾ കാണുന്നു. വീട്ടിലാണെങ്കിൽ ആരുമില്ല. ചോരപ്പാടുകൾ വീടിന്റെ വടക്കുവശത്തുള്ള വലിയ ചാണക കുഴിയിലേക്ക് നീങ്ങുന്നതായി കാണുന്നു.

വാർഡ് മെമ്പറും വലതു പാർട്ടി മെമ്പറുമായ ശശി പിള്ള കാര്യമറിഞ്ഞ് സ്ഥലത്തെത്തി. ശശി പിള്ളയുടെ ശത്രുവും പുരോഗമന പാർട്ടിക്കാരനും ആയിരുന്നല്ലോ ഗോപാലൻ. അതുകൊണ്ടുതന്നെ ശശി പിള്ള പറഞ്ഞു
“” പുരോഗമനപരമായി സംസാരിക്കുകയും ഇത് പോലുള്ള അന്ധവിശ്വാസവും കൊടും ക്രൂരതയും ചെയ്യുന്നവനാണ് ഗോപാലൻ . നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല. എത്രയും വേഗം പോലീസിൽ വിവരമറിയിക്കുക. ബാക്കി കാര്യങ്ങൾ അവർ വന്നു നോക്കട്ടെ”.

പോലീസിനെ വിവരം അറിയിക്കുക എന്നുള്ള കാര്യം എല്ലാവരും ഉറപ്പിച്ചു. നരബലി യെക്കുറിച്ച് കേട്ടറിഞ്ഞ അടുത്ത ഗ്രാമങ്ങളിൽ നിന്നു വരെ ആൾക്കാർ ഗോപാലന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി.

ഗോപാലന്റെ ചില സുഹൃത്തുക്കൾ ഗോപാലനെയും ഭാര്യയെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് ലഭിച്ചത്.

വിവരമറിഞ്ഞ് പോലീസിന് ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു.
ആളുകൾ കൂടിവരുന്നു പ്രാദേശിക ചാനലുകാരും സ്ഥലത്തെത്തി.

ഗോപാലന്റെ വീട്ടിൽ രാവിലെ നാലുമണിയോടെ ചില മണി ഒച്ച കേട്ടതായി അയൽവക്കത്തെ അമ്മിണി പറഞ്ഞു.
ഗോപാലനും കുടുംബത്തിനും എതിരെ ശക്തമായ ജനരോഷം ഉയർന്നുവന്നു.

താലൂക്കാശുപത്രിയിൽ നിന്ന് അപ്പോൾ എത്തിയ ജയൻ, ഗോപാലനെയും ഭാര്യയും താലൂക്കാശുപത്രിയിൽ കണ്ടതായുള്ള കാര്യം പറഞ്ഞു. ആകാംക്ഷയോടെ ചുറ്റുംകൂടി അവരോട് കൂടുതലൊന്നും പറയാൻ ജയന്റെ പക്കൽ ഇല്ലായിരുന്നു.

തുടർന്ന് പലരും താലൂക്ക് ആശുപത്രിയിലേക്ക് വെച്ച് വിട്ടു. എന്നാൽ അപ്പോഴേക്കും ഗോപാലനെയും ഭാര്യയും, മാന്ത്രിക നെയും പോലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞിരുന്നു.

പോലീസിന്റെ ചൂടേറിയ ചോദ്യംചെയ്യലിൽ ഗോപാലൻ സംഭവിച്ചതെല്ലാം അറിയാതെ വിളിച്ചുപറഞ്ഞു. കഴിഞ്ഞ തവണത്തെ കൃഷി നഷ്ടമായതിനെ തുടർന്ന്, ഭാര്യയുടെ നിർബന്ധത്താൽ (ഇവിടെയുള്ള നാട്ടുകാർ ആരും അറിയേണ്ട എന്ന കരുതി ) താൻ അടുത്ത ഗ്രാമത്തിലെ ജോത്സ്യനെ കാണുകയും അയാൾ വീട്ടിൽ പുലർച്ചെ നാലുമണിക്ക് ഐശ്വര്യപൂജ നടത്തണം എന്ന് പറയുകയും ചെയ്തു . തലേദിവസം വൈകിട്ട് തന്നെ ഐശ്വര്യ പൂജ നടത്താൻ ജോത്സ്യൻ എത്തുകയും ചെയ്തു .

“എന്റെ എസ് ഐ സാറേ പുലർച്ചെ നാലുമണിക്ക് തന്നെ ഐശ്വര്യപൂജ തുടങ്ങുകയും അഞ്ചുമണിയോടുകൂടി തീരുകയും ചെയ്തു. പൂജ കഴിഞ്ഞ് തിരിച്ചിറങ്ങാൻ തുടങ്ങിയ ജോത്സ്യനെയും, എന്നെയും എവിടെ നിന്നോ ചില ചാവാലി നായ്ക്കൾ കൂട്ടമായി വരികയും കടിക്കുകയും ചെയ്തു. ജീവ ഭയത്താൽ വീടിന്റെ മുന്നിൽ കിടന്ന കോടാലി എടുത്ത് ഞാൻ വീശി. രണ്ട് പട്ടികളുടെ പുറത്തു വെട്ട് കൊള്ളുകയും അത് ചാവുകയും ചെയ്തു . നാട്ടുകാർ ആരും അറിഞ്ഞു നാണക്കേട് ആകേണ്ട എന്ന് കരുതി ചത്ത നായ്ക്കളെ എടുത്ത് ചാണക കുഴിയിൽ ഇട്ട് എന്നുള്ളതല്ലാതെ ഞാൻ ഒരു ബലിയും നടത്തിയിട്ടില്ല. നായ കടിയേറ്റ് എന്നെയും, ജോത്സ്യനെയും ഭാര്യ ഉടൻ തന്നെ കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പേപിടിച്ച പട്ടികളാണ് കടിച്ചത് എന്ന സംശയത്താൽ ഇഞ്ചക്ഷൻ എടുക്കാൻ ഇരുന്ന എന്നേയും, ജോത്സ്യനെയും ഭാര്യയേയും ആണ് പോലീസ് പൊക്കിയത്”.

ഇതിനിടയിൽ നാവ് തിരിയാത്ത ശങ്കരനെ പോലീസ് പിടിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ചത്തത് പട്ടികളാണ് എന്ന് സമ്മതിച്ചു. പൂജ ലക്ഷണങ്ങളും, നായ്ക്കളെയും വെട്ടുന്നത് ദൂരെ നിന്ന് കണ്ട താൻ, ഗോപാലന്റെ വീട്ടിൽ നായബലി നടന്നു എന്നാണ് പറഞ്ഞത് എന്ന് പറഞ്ഞു. ഇത് കേട്ട് ദിവാകരൻ ആണ് അത് നരബലി ആക്കിയത് എന്നും രണ്ട് അടി കിട്ടിയപ്പോൾ തന്റെ തിരിയാത്ത നാവുകൊണ്ട് പറഞ്ഞൊപ്പിച്ചു.

നരബലി കേസിൽ ഗോപാലനെ പോലീസ് വെറുതെ വിട്ടെങ്കിലും തെരുവുനായ്ക്കളെ കൊന്ന കുറ്റത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *