തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടക്കാനിരിക്കെ കോടികൾ മുടക്കി ചടങ്ങ് ചിത്രീകരിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡിനെ തുടർന്ന് വിവാഹ വേദി മാറ്റുകയായിരുന്നു.
സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും വിവാഹം ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി മാതൃകയിൽ ഷൂട്ട് ചെയ്ത ശേഷം പിന്നീട് ഒടിടിയിലൂടെ സ്ട്രീം ചെയ്യും. രണ്ടു കോടിയിലേറെ രൂപയാണ് നെറ്റ്ഫ്ലിക്സ് ഇതിനു വേണ്ടി ചെലവഴിക്കുന്നതെന്നാണ് വിവരം.മഹാബലിപുരത്തുള്ള ഷെറാട്ടൻ ഫോർപോയിന്റ്സ് റിസോർട്ടിലാണ് ചടങ്ങ്. ഒരാഴ്ചയോളം റിസോര്‍ട്ട് പൂർണമായും വിവാഹാവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണ്.
രാവിലെ നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം നടക്കുക. വളരെ സ്വകാര്യമായി നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുന്നുള്ളൂ. ഇതേ റിസോർട്ടില്‍ വച്ചു തന്നെ സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും വിവാഹത്തലേന്ന് വിരുന്നും ഒരുക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, രജനികാന്ത്, ചിരഞ്ജീവി, കമൽഹാസൻ, സൂര്യ, വിജയ്, അജിത്, കാർത്തി, വിജയ് സേതുപതി തുടങ്ങിയവർ പങ്കെടുത്തേക്കും. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരാകുന്നത്. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇവർ പ്രണയത്തിലായത്.
