ഞങ്ങള്‍ ഹിന്ദുവാണ്…..നിങ്ങള്‍ മുസ്ലിം ആണ്….. അവര്‍ ക്രിസ്ത്യന്‍ ആണ്…..എല്ലാവരും മനുഷ്യരാണെന്ന് മാത്രം വിളിച്ചുപറയാന്‍ നമ്മളില്‍ പലര്‍ക്കും ഇന്നും കഴിയാത്തതെന്തേ??
മതമാകുന്ന ചരടില്‍ കിടന്നു വലിയുമ്പോള്‍ നഷ്ടമാകുന്ന നല്ല ബന്ധങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?
വര്‍ഗീയത വാഴുമ്പോള്‍ സൗഹൃദങ്ങള്‍ക്കോ മറ്റു ബന്ധങ്ങള്‍ക്കോ അവിടെ പ്രസക്തി ഇല്ല. ചിന്തകള്‍ മാത്രം. അതെ! വര്‍ഗീയ ചിന്തകള്‍ മാത്രം.
സ്‌കൂളില്‍ ഹിജാബ് ധരിച്ച് വന്നതുകാരണം പഠനം നിഷേധിക്കപ്പെട്ട സഹപാഠികള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ മറുഭാഗത്ത് കാവി ഷോളും തലപ്പാവും അണിഞ്ഞ് ജയ്ശ്രീറാം വിളിക്കുന്നത് എത്രത്തോളം മ്ലേച്ഛകരമാണെന്ന് മനസിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയല്ലോ…!
മതമല്ല മനുഷ്യത്വമാണ് ഒരു മനുഷ്യന് വേണ്ടതെന്ന് ഇനി ഏതു കാലം ആളുകള്‍ മനസിലാക്കും! ശിരസറ്റ മനുഷ്യനില്‍ പോലും മതം പച്ചക്കുത്തുന്ന മനുഷ്യരെ മാറേണ്ടത് നമ്മള്‍ തന്നെയാണ്.തോള്‍ചേര്‍ന്ന് നടക്കേണ്ടവര്‍ക്കിടയില്‍ മതചിന്ത വന്നെങ്കില്‍ അത് മാറ്റേണ്ടതും നമ്മളാണ്. നമ്മള്‍ മനുഷ്യരാണ്.
