നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കീഴ്‌കോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ കേരള ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ആക്രമിക്കപെട്ട നടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് നടി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് അയക്കുകയും ചെയ്തു. അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസമാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കഴിഞ്ഞ ആഴ്ച ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.
