കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അതിരൂക്ഷ ആരോപണം ഉന്നയിച്ച് മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തും.
നടിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ല. അതിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു. ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണെന്ന് മന്ത്രി പറഞ്ഞു.
